'രാഹുൽ ഗാന്ധിക്കെതിരെ ലണ്ടനിൽ കേസുകൊടുക്കും'; ഭീഷണിയുമായി ലളിത് മോദി

'ഞാൻ ദിവസവും 20 മണിക്കൂർ ജോലി ചെയ്തതുകൊണ്ടാണ് നിങ്ങളെല്ലാം കളി ആസ്വദിക്കുന്നത്. ബി.സി.സി.ഐയിൽ ഞാൻ എത്തുമ്പോൾ 40 കോടിയാണ് അവർക്കുണ്ടായിരുന്നത്. രണ്ടു വർഷത്തിനുശേഷം അവിടെനിന്ന് ഇറങ്ങുമ്പോൾ 48,700 കോടിയാണ് സമ്പാദ്യം.'

Update: 2023-03-30 11:32 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടന്നാക്രമിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എൽ) മുൻ തലവൻ ലളിത് മോദി. 'മോദി', പിടികിട്ടാപുള്ളി പരാമർശങ്ങളിൽ രാഹുലിനെതിരെ ലണ്ടനിൽ കേസ് കൊടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 15 വർഷത്തിനിടെ താൻ ഒരു നയാ പൈസ പോലും തട്ടിയതിന് തെളിവില്ലെന്നും ഗാന്ധി കുടുംബത്തെക്കാളും രാജ്യത്തിനു വേണ്ടി സംഭാവനകൾ അർപ്പിച്ചവരാണ് മോദി കുടുംബമെന്നും ലളിത് പറഞ്ഞു.

ട്വീറ്റ് പരമ്പരകളിലൂടെയാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് കുടുംബത്തിനുമെതിരെ ലളിത് മോദിയുടെ രൂക്ഷവിമർശനം. ''ഗാന്ധി കൂട്ടാളികളും കണ്ടവരുമെല്ലാം ഞാൻ പിടികിട്ടാപുള്ളിയാണെന്ന് ആവർത്തിച്ചുപറയുന്നത് കാണുന്നുണ്ട്. എന്തുകൊണ്ട്, എങ്ങനെ, എപ്പോഴാണ് ഞാൻ കുറ്റക്കാരനായിട്ടുള്ളത്? 'പപ്പു'വായ രാഹുൽ ഗാന്ധിയിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ സാധാരണ പൗരന്മാരും അതു പറയുന്നുണ്ട്.''-ലളിത് ട്വീറ്റ് ചെയ്തു.

ബ്രിട്ടനിലെ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് താനെന്നും ലളിത് വ്യക്തമാക്കി. വ്യക്തമായ തെളിവുകളുമായി വരേണ്ടിവരും അദ്ദേഹത്തിന്. രാഹുൽ സ്വയം വിഡ്ഢിയാകുന്നത് കാണാൻ കാത്തിരിക്കുകയാണ്. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടാകും എല്ലാ പ്രതിപക്ഷ നേതാക്കളും തെറ്റായ വിവരങ്ങൾക്കും പകവീട്ടലിനും പിന്നാലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഗാന്ധി കുടുംബം കുരയ്ക്കട്ടെ; എനിക്ക് ചില്ലിക്കാശിന്റെ ആവശ്യമില്ല'

യഥാർത്ഥ കൗശലക്കാരായ ഇന്ത്യൻ ജനതയെ വിഡ്ഢിയാക്കാൻ നോക്കേണ്ടെന്നും ലളിത് മോദി പറഞ്ഞു. നമ്മുടെ രാജ്യം ഭരിക്കാൻ അധികാരം കിട്ടിയ പോലെയാണ് ഗാന്ധി കുടുംബം. കഴിഞ്ഞ 15 വർഷത്തിനിടെ ഒരു നയാപൈസ പോലും താൻ എടുത്തതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, 100 ബില്യൻ ഡോളർ വരെ ഉണ്ടാക്കിയിട്ടുള്ള ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം സൃഷ്ടിച്ചത് താനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'1950കൾ മുതൽ മോദി കുടുംബം അവർക്കും രാജ്യത്തിനും വേണ്ടി സങ്കൽപിക്കാവുന്നതിനും അപ്പുറത്ത് ചെയ്തിട്ടുണ്ടെന്ന കാര്യം ഒറ്റ കോൺഗ്രസ് നേതാവും മറക്കരുത്. സ്വപ്‌നം കാണാവുന്നതിനുമപ്പുറം ഞാനും ചെയ്തിട്ടുണ്ട്. ഇന്ത്യയെ കൊള്ളയടിക്കുന്ന അഴിമതിക്കാരായ ഗാന്ധി കുടുംബം കുരച്ചുകൊണ്ടിരിക്കട്ടെ.'

'കളികൊണ്ട് ജീവിക്കുന്നവരുടെ കൂട്ടത്തിലല്ലാത്തതുകൊണ്ടാണ് ക്രിക്കറ്റ് വിട്ടത്. ഞാനാണ് ആ കളി ഉണ്ടാക്കിയത്. ആമുഖം ആവശ്യമില്ലാത്ത കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. എല്ലാ കാലത്തും ഞങ്ങളുടെ അടുത്ത് പണമുണ്ടായിരുന്നു. ഞാൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ഇന്റർപോൾ അടക്കം എല്ലാ അന്താരാഷ്ട്ര കോടതികളും കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുരിശിലേറ്റി ജയിലിലേക്കയച്ച്, അവകാശങ്ങളെല്ലാം തട്ടിയെടുക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ ഒരു രാജ്യത്താണ് നമ്മൾ കഴിയുന്നത്. അവർക്ക് യാഥാർത്ഥ്യം ഒരു വിഷയമേയല്ല. എല്ലാ തലമുറയിലും നമ്മളെ ഭരിക്കാനുള്ള അവകാശം അവർക്ക് ദൈവം നൽകിയിട്ടുണ്ടെന്ന് കേൾക്കാനാണ് അവർക്ക് ആഗ്രഹം. അതാണ് അവരുടെ വാദം. ശുദ്ധ അസംബന്ധമാണത്.

ക്രിക്കറ്റിന്റെ കൊട്ടാരത്തിലുള്ള ഭരണമേധാവികളോട് ലോധ റിപ്പോർട്ട് നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കണം. എന്തൊക്കെ പരിഷ്‌ക്കരണങ്ങളാണ് നടപ്പാക്കിയത്? ഓരോ സംസ്ഥാനത്തെയും (ക്രിക്കറ്റ്) അസോസിയേഷന് ചുരുങ്ങിയത് കുറച്ച് ആയിരം കോടികളെങ്കിലും ഞാൻ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.'

30,000 കോടിയിലേറെ (ആസ്തിയുള്ള) വൻ ലാഭകരമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ് സ്ഥാപനത്തിന്റെ സഹോദരങ്ങൾക്കൊപ്പമുള്ള സഹ ഉടമയാണ് താനെന്ന കാര്യം അവർ മനസിലാക്കുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ ലളിത് മോദി വിമർശിച്ചു. 'എനിക്കെന്തിനാണ് ചില്ലിക്കാശ്! ബി.സി.സിയിൽ(ബി.സി.സി.ഐ) ഞാൻ എത്തുമ്പോൾ 40 കോടിയാണ് അവർക്കുണ്ടായിരുന്നത്. രണ്ടു വർഷത്തിനുശേഷം അവിടെനിന്ന് ഇറങ്ങുമ്പോൾ 48,700 കോടി രൂപയാണ് ബി.സി.സി(ബി.സി.സി.ഐ)യുടെ സമ്പാദ്യം. എല്ലാ കരാറുകളും പദ്ധതികളും ഞാൻ സ്വന്തമായി ഉണ്ടാക്കിയതാണ്. ഞാൻ ദിവസവും 20 മണിക്കൂർ ജോലി ചെയ്തതുകൊണ്ടാണ് നിങ്ങളെല്ലാം കളി ആസ്വദിക്കുന്നത്.'-മോദി കൂട്ടിച്ചേർത്തു.

Summary: 'I will take Rahul Gandhi to court in UK', Warns former IPL chief Lalit Modi in controversial Modi and fugitive remarks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News