റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ഉടന്‍

മഹിന്ദ രജപക്സെ ഉൾപ്പെടെ 13 നേതാക്കൾക്ക് ലങ്കൻകോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

Update: 2022-05-12 11:30 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേൽക്കും. ശ്രീലങ്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുനൈറ്റഡ് നാഷനൽ പാർട്ടി(യു.എൻ.പി) തലവനും മുൻ പ്രധാനമന്ത്രിയുമാണ് വിക്രമസിംഗെ.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ തീരുമാനിച്ചത്. കടുത്ത സമ്മർദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ഗൊട്ടബയയുടെ സഹോദരൻ കൂടിയായ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു. എന്നാൽ, ഇതിനു പിന്നാലെ പ്രസിഡന്റിന്റെ രാജിക്കും മുറവിളിയുയരുകയായിരുന്നു.

റനിൽ വിക്രമസിംഗെ ഇന്ന് വൈകീട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് യു.എൻ.പി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തെ പിന്തുണച്ച് ഭൂരിഭാഗം സിംഹള, തമിഴ്, മുസ്്‌ലിം പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ടെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊളംബോയിലെ ഒരു ക്ഷേത്രം സന്ദർശിച്ച ശേഷമായിരിക്കും റനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.

അതിനിടെ, മഹിന്ദ രജപക്സെ ഉൾപ്പെടെ 13 നേതാക്കൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ശ്രീലങ്കൻ കോടതിയാണ് ഇവർക്ക് വിദേശയായാത്രാ വിലക്ക് ഏർപ്പെടുത്തിയത്. രാജ്യം വിടാനുള്ള ആലോചനയില്ലെന്ന് മഹിന്ദയുടെ മകൻ നമൽ രജപക്‌സെ അറിയിച്ചിരുന്നു. തലസ്ഥാന നഗരമായ കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി.

ശ്രീലങ്കയിൽ ആഭ്യന്തരകലാപം രൂക്ഷമാകുകയാണ്. കർഫ്യൂ ലംഘിച്ച് തെരുവിൽ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകർ സർക്കാർ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. വിവിധയിടങ്ങളിൽ നടന്ന അക്രമങ്ങളിലായി എട്ടുപേർ മരിക്കുകയും ഇരുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Summary: Ranil Wickremesinghe to take oath as new Sri Lanka PM today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News