അമേരിക്കന്‍ റാപ്പര്‍ കൂലിയോ അന്തരിച്ചു
കൂലിയോയുടെ സുഹൃത്തും മാനേജരുമായ ജാരെസ് പോസി വാര്‍ത്ത സ്ഥീരികരിച്ചെങ്കിലും മരണകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല
ലോസ് ഏഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ കൂലിയോ അന്തരിച്ചു. 59 വയസായിരുന്നു. ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. കൂലിയോയുടെ സുഹൃത്തും മാനേജരുമായ ജാരെസ് പോസി വാര്‍ത്ത സ്ഥീരികരിച്ചെങ്കിലും മരണകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.
ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോസി സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റ് ടി.എം.ഇസിനോട് പറഞ്ഞു.
1995ല്‍ ഹിറ്റ് ചാര്‍ട്ടിലെ ടോപ് ലിസ്റ്റില്‍ ഇടംപിടിച്ച ഗ്യാങ്സ്റ്റാസ് പാരഡൈസ് എന്ന പാട്ട് കൂലിയോയുടെതാണ്. ഈ ഗാനത്തിന് ആ വര്‍ഷം ഗ്രാമി അവാര്‍ഡും കൂലിയോ സ്വന്തമാക്കി. ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ് കൂലിയോയുടെ യഥാര്‍ഥ പേര്. 80കളില്‍ കാലിഫോര്‍ണിയയിലാണ് കൂലിയോ തന്‍റെ ജീവിതം ആരംഭിക്കുന്നത്. 95ഓടെയാണ് അദ്ദേഹം ലോകശ്രദ്ധ നേടുന്നത്.