തുര്‍ക്കിയുടെ ജനകീയമുഖം, രണ്ടു പതിറ്റാണ്ടിനിപ്പുറവും ഉർദുഗാൻ തരംഗത്തെ മറികടക്കാനാവാതെ പ്രതിപക്ഷം
അറബ് ഉൾപ്പെടെ ലോകരാജ്യങ്ങളുമായി കൂടുതൽ അടുപ്പം രൂപപ്പെടുത്തി ശക്തമായ രാഷ്ട്രീയ, സാമ്പത്തിക നടപടികൾക്കാവും ഉർദുഗാന്‍റെ ഇനിയുള്ള നീക്കം
അങ്കാറ: പടിഞ്ഞാറൻ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും മുൻവിധി കലർന്ന പ്രവചനങ്ങൾക്കുള്ള തിരുത്താണ് റജബ് ത്വയ്യിബ് ഉർദുഗാന്‍റെ ജയം. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഉർദുഗാൻ തരംഗത്തെ അതിജയിക്കാൻ കഴിയാത്ത നിരാശയിലാണ് തുർക്കി പ്രതിപക്ഷം. അറബ് ഉൾപ്പെടെ ലോകരാജ്യങ്ങളുമായി കൂടുതൽ അടുപ്പം രൂപപ്പെടുത്തി ശക്തമായ രാഷ്ട്രീയ, സാമ്പത്തിക നടപടികൾക്കാവും ഉർദുഗാന്‍റെ ഇനിയുള്ള നീക്കം.
1994ൽ ഇസ്ലാമിക് വെൽഫെയർ പാർട്ടി ടിക്കറ്റിൽ മൽസരിച്ച് ഇസ്തംബുൾ മേയർ ആയാണ് രാഷ്ട്രീയത്തിൽ ഉർദുഗാന്‍റെ തുടക്കം. പിന്നീട് തുർക്കി പ്രധാനമന്ത്രി പദത്തിൽ. അതിനു പിന്നാലെ പ്രസിഡൻറ് പദം. അധികാരത്തിൽ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ 69കാരന്‍റെ ജനസമ്മതിക്ക് കുറവില്ലെന്ന് ഫലം തെളിയിക്കുന്നു.
കടുത്ത പരീക്ഷണങ്ങൾ ആയിരുന്നു ഇക്കുറി. അര ലക്ഷം പേരുടെ ജീവൻ കവർന്ന ഭൂകമ്പം, സാമ്പത്തിക പ്രതിസന്ധി, അഭയാർഥി പ്രവാഹം- ഉർദുഗാൻ യുഗം ഇതോടെ തീർന്നെന്ന് പ്രതിപക്ഷവും പടിഞ്ഞാറും ഉറപ്പിച്ചതാണ്. പക്ഷെ രണ്ടാം ഘട്ടത്തിലും മുഖ്യ എതിർ സ്ഥാനാർഥി കെമാലിന് അടിപതറി.
പരിഷ്കരണവാദിയായാണ് ഉർദുഗാന്‍റെ തുടക്കം. അക്കാലത്ത് യൂറോപ്യൻ യൂനിയൻ അംഗത്വ ചർച്ചക്കായി തുർക്കിയിൽ കൂടുതൽ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. പ്രസിഡൻഷ്യൽ അധികാരത്തിലേക്ക് തുർക്കി വഴിമാറി. പിന്നെ കണ്ടത് കടുത്ത നിലപാടുകാരനായ ഉർദുഗാനെ. 2001ൽ വെൽഫെയർ പാർട്ടി വിട്ട ഉർദുഗാൻ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടിക്ക് രൂപം നൽകി. ഒരു വർഷത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ.പിക്ക് പാർലമെൻറിൽ ഭൂരിപക്ഷം. 1997ൽ കവിതാലാപനം നടത്തി വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിന് നാലു മാസത്തെ തടവുശിക്ഷ അനുഭവിച്ചിരുന്നു. അതിന്‍റെ പേരിൽ ഉർദുഗാന് മൽസരിക്കുന്നതിൽ നിന്ന് വിലക്ക്. അതുമാറി 2003ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഉർദുഗാന്‍റെ പ്രവേശം. ജനകീയതയും കണിശതയും ദിശാബോധവും നിറഞ്ഞ ഈ രാഷ്ട്രീയ നേതാവ് വീണ്ടും പ്രസിഡന്‍റ് പദത്തിലെത്തുകയാണ്.