'ഹമാസ് പോരാളികൾ മർദിച്ചെന്ന വാർത്ത കള്ളം; പരിക്കേറ്റത് ഇസ്രായേൽ ആക്രമണത്തിൽ'-പ്രചാരണങ്ങള്‍ തള്ളി മോചിതയായ ബന്ദി
ഹമാസ് തടവിലെ പീഡനത്തിൽ നോവയുടെ ദേഹമാസകലം മുറിവുകളുണ്ടെന്നും മുടി മുറിച്ചുമാറ്റിയെന്നുമെല്ലാം ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയിരുന്നു
തെൽഅവീവ്: ഹമാസ് തടവിൽ കൊടിയ പീഡനം നേരിട്ടെന്ന വാർത്തകൾ തള്ളി മോചിതയായ ഇസ്രായേൽ യുവതി. ഹമാസ് പോരാളികൾ തന്നെ ആക്രമിച്ചിട്ടില്ലെന്നും ഇസ്രായേൽ ആക്രമണത്തിലാണ് ശരീരമാസകലം പരിക്കേറ്റതെന്നും 26കാരിയായ നോവ അർഗമാനി പറഞ്ഞു. ജപ്പാൻ തലസ്ഥാനമായ ടോക്യോവിൽ ഇസ്രായേലിലെയും ജി7 രാഷ്ട്രങ്ങളിലെയും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ ജൂണിലാണ് ബന്ദികൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിൽ മറ്റു മൂന്ന് ഇസ്രായേലികൾക്കൊപ്പം നോവ അർഗമാനിയെ ഹമാസ് മോചിപ്പിച്ചത്. ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നത് അത്ഭുതമാണെന്നാണ് നോവ നയതന്ത്രപ്രതിനിധികളോട് പറഞ്ഞത്. ഓരോ ദിവസം രാത്രിയും ഉറങ്ങുമ്പോൾ ഇതെന്റെ അവസാനരാത്രിയാകുമെന്ന് ആലോചിച്ചാകും കിടക്കുക. മോചിതയാകുംവരെ ഇപ്പോഴും ജീവനുണ്ടെന്ന് എനിക്കു തന്നെ വിശ്വാസമാകുന്നുണ്ടായിരുന്നില്ല. എത്ര ബോംബ് ആക്രമണങ്ങളെയാണ് ഇക്കാലയളവിൽ അതിജീവിച്ചതെന്നും അവർ പറഞ്ഞു.
എന്നാൽ, ഹമാസ് പോരാളികൾ തന്നെ മർദിച്ചെന്ന വാർത്തകൾ കള്ളമാണെന്ന് നോവ വ്യക്തമാക്കി. ഞാൻ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയാണ് അത്തരമൊരു പ്രചാരണം നടക്കുന്നത്. എന്നെ അവർ ആക്രമിക്കുകയോ എന്റെ മുടി മുറിച്ചുകളയുകയോ ഒന്നും ചെയ്തിട്ടില്ല. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെന്നും നല്ല വേദനയായിരുന്നുവെന്നുമാണ് താൻ പറഞ്ഞതെന്നും യുവതി ചൂണ്ടിക്കാട്ടി.
ഇസ്രായേൽ ആക്രമണത്തിലാണ് തനിക്കു പരിക്കേറ്റതെന്നും അവർ വ്യക്തമാക്കി. ഇസ്രായേൽ വ്യോമസേനയുടെ ബോംബാക്രമണത്തിൽ തകർന്ന കെട്ടിടത്തിനകത്ത് താനുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾ വീണാണു പരിക്കേറ്റത്. ഒക്ടോബർ ഏഴിന്റെ ഇരയാണ് ഞാൻ. ഇനി മാധ്യമങ്ങളുടെ ഇരയാകാൻ കൂടി തന്നെക്കിട്ടില്ലെന്നും നോവ അർഗമാനി വ്യക്തമാക്കി.
ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെയാണ് നോവയെ ഹമാസ് സംഘം ബന്ദിയാക്കി ഗസ്സയിലേക്കു കൊണ്ടുപോകുന്നത്. കിബ്ബുറ്റ്‌സ് റീമിൽ നടന്ന സൂപ്പർനോവ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. നൂറുകണക്കിനുപേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ നിരവധി ഇസ്രായേലികളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. നോവയ്‌ക്കൊപ്പം ഹമാസ് പിടിയിലായ പങ്കാളി അവിനാതൻ ഓർ ഇതുവരെയും മോചിതനായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നോവയുടെ മോചനം ആഘോഷിക്കാനായി ടോക്യോവിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. 'ഡാൻസ് വിത്ത് നോവ' എന്നു പേരിട്ട പരിപാടിയിൽ പിതാവ് യാകോവും പങ്കെടുത്തു. യുദ്ധം ഇനിയും അവസാനിക്കാത്തതിനാൽ ഇപ്പോൾ പാർട്ടി നടത്തുന്നത് ശരിയല്ലെന്നു പറഞ്ഞാണ് അവർ പരിപാടിയിൽ സംസാരം തുടങ്ങിയത്. സൈന്യം ഇപ്പോഴും യുദ്ധമുഖത്താണ്. എന്റെ പങ്കാളി ഉൾപ്പെടെ 109 ബന്ദികൾ ഇനിയും മോചിതരാകാൻ ബാക്കിയുണ്ട്. അവരുടെ വേർപാട് നമ്മെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ, നിങ്ങൾ എല്ലാവർക്കുമൊപ്പം ജീവിതം ആഘോഷിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്നും ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മൾ ആഘോഷിക്കണമെന്നും അവർ സുഹൃത്തുക്കളോടായി പറഞ്ഞു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം തെക്കൻ ഇസ്രായേലിൽനിന്ന് 251 പേരെയാണ് ഹമാസ് ബന്ദികളാക്കി ഗസ്സയിലേക്കു പിടിച്ചുകൊണ്ടുപോയതെന്നാണ് ഔദ്യോഗിക കണക്ക്. ഇസ്രായേൽ പൗരന്മാർക്കു പുറമെ വിദേശികളും ഇക്കൂട്ടത്തിലുണ്ടെന്നാണു വിവരം. നിരവധി ഘട്ടങ്ങളിലായുള്ള ബന്ദികൈമാറ്റ കരാറിലൂടെ 105 പേരെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് നിരവധി ബന്ദികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Summary: Noa Argamani, an Israel woman freed from Hamas captivity said that her injuries were caused by an Israel air strike during her rescue operation, not by Hamas