'ഹമാസിനോടും ഹിസ്ബുല്ലയോടും തോറ്റ നെതന്യാഹു യുദ്ധം ചെയ്യുന്നത് ഇസ്രായേലി ജനതയോട്...' ഹമാസ് മോചിപ്പിച്ച ബന്ദി

'നെതന്യാഹുവിന്റെ നേതൃത്വത്തിൽ വിശ്വാസവഞ്ചനയുടെയും കയ്യൊഴിയലിന്റെയും സഖ്യകക്ഷിയാണ് അധികാരത്തിലിരിക്കുന്നത്.'

Update: 2024-09-05 08:06 GMT
Editor : André | By : Web Desk
Advertising

ജെറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു യുദ്ധം ചെയ്യുന്നത് സ്വന്തം ജനതക്കെതിരെയാണെന്നും  അദ്ദേഹത്തെ തൽസ്ഥാനത്തു നിന്ന് പുറത്താക്കാൻ പ്രസിഡണ്ട് ഇസാക് ഹെർസോഗ് തയാറാകണമെന്നും ഹമാസ് തടവിൽ നിന്ന് മോചിതയായ ഇസ്രായേലി വനിത ലിയാത് അറ്റ്‌സിലി. ഹമാസ് ബന്ദികളാക്കിയവരുടെ മോചനം യാഥാർത്ഥ്യമാകാത്തതിന്റെ കാരണം നെതന്യാഹുവിന്റെ കടുംപിടുത്തം മാത്രമാണ്. ഹമാസിനോടും ഹിസ്ബുല്ലയോടും തോറ്റ നെതന്യാഹു ഇപ്പോൾ ഇസ്രായേലി ജനതക്കെതിരെ തിരിഞ്ഞിരിക്കുകയാണ് - അറ്റ്‌സിലി പറഞ്ഞു. ബന്ദികളെ കൈമാറുന്നത് ഹമാസുമായി കരാറുണ്ടാക്കാൻ തായാറാകാത്ത നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറ്റ്‌സിലി രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രിയെ വിമർശിച്ചത്.

'ബന്ദികളുടെ കാര്യത്തിൽ നെതന്യാഹു സ്വന്തം പദവിയോട് ചതി ചെയ്യുകയാണെന്ന കാര്യം ഇസാക് ഹെർസോഗ് രാജ്യത്തോട് തുറന്നുപറയണം. ബന്ദികളെ തിരിച്ചെത്തിക്കുന്ന കരാറിൽ എത്രയും വേഗം ഒപ്പുവെക്കണം.' മുൻ പ്രസിഡണ്ട് ഷിമോൺ പെരസിന്റെ സ്മൃതിദിന പരിപാടിയിൽ സംസാരിക്കവെ അറ്റ്‌സിലി പറഞ്ഞു. ഇസ്രായേൽ ഗവൺമെന്റിന്റെ പ്രതിനിധിയായി ആഭ്യന്തര മന്ത്രി മോഷെ അർബലും പരിപാടിയിൽ പങ്കെടുത്തിരുന്നു.

'നെതന്യാഹുവിന്റെ നേതൃത്വത്തിൽ, വിശ്വാസവഞ്ചനയുടെയും കയ്യൊഴിയലിന്റെയും സഖ്യകക്ഷിയാണ് അധികാരത്തിലിരിക്കുന്നത്. ഹമാസിനെതിരെയും ഹിസ്ബുല്ലക്കെതിരെയും പരാജയം നേരിട്ട നെതന്യാഹു ഇപ്പോൾ നമ്മൾ ഇസ്രായേൽ ജനതക്കെതിരെയാണ് നിൽക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്ന കരാറിൽ ഒപ്പുവെക്കണം എന്നാവശ്യപ്പെടുന്ന നമ്മളെ ഭീഷണി എന്നാണ് അയാൾ വിശേഷിപ്പിക്കുന്നത്. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനാവശ്യമായ രാഷ്ട്രീയ വിഷമാണ് അയാൾ പുറന്തള്ളുന്നത്.' 

'ഗസ്സയിൽ അവശേഷിക്കുന്ന 101 ബന്ദികളെ തിരിച്ചെത്തിക്കാനാവശ്യമായ ഒരേയൊരു കാര്യം കരാറുണ്ടാക്കുക എന്നതാണ്. കളവിന്റെയും വഞ്ചനയുടെയും അച്ചുതണ്ടിന്റെ പേരിൽ നെതന്യാഹു അതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.നമ്മൾ ഇപ്പോൾ ഒരു രാജ്യമില്ലാത്ത ജനതയും നേതാവില്ലാത്ത പൗരന്മാരുമാണ്. രാജ്യത്തെ മുഴുവനായും അകത്തുനിന്നുള്ള അട്ടിമറിക്കാർ തട്ടിയെടുത്തിരിക്കുന്നു. ഇന്ന് നമുക്ക് ഒരു കാര്യം വ്യക്തമാണ്. രാജ്യത്തെ കൈയൊഴിഞ്ഞയാൾ രാജിവെച്ച് പോകണം. ബന്ദികൾ എല്ലാവരും തിരിച്ചെത്തുകയും വേണം...' അറ്റ്‌സിലി പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ആറു പേരുടെ മൃതദേഹം ദിവസങ്ങൾക്കു മുമ്പ് ഗസ്സയിൽ വെച്ച് ഇസ്രായേൽ സൈന്യം കണ്ടെടുത്തിരുന്നു. ഇത് ഇസ്രായേലിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. ബന്ദികളെ ഹമാസ് കൊന്നു കളഞ്ഞു എന്നായിരുന്നു ഇസ്രായേൽ സൈന്യം ആരോപിച്ചത്. എന്നാൽ, ഇസ്രായേൽ സൈന്യം ആണ് ബന്ദികളെ കൊന്നതെന്നും ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം ആണിതെന്നും ഹമാസും ആരോപിച്ചു.

കൂടുതൽ ബന്ദികൾക്ക് ജീവൻ നഷ്ടമാകാതിരിക്കാൻ ഹമാസുമായി കരാറുണ്ടാക്കണം എന്നാണ് അമേരിക്കയടക്കം ഇസ്രായേലിനോട് ആവശ്യപ്പെടുന്നത്. എന്നാൽ, ബെന്യമിൻ നെതന്യാഹു ഇതിനെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നത്.

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News