'അവരെന്നെ സ്പര്‍ശിച്ചു പോലുമില്ല; പേടിക്കേണ്ട, ഒന്നും ചെയ്യില്ലെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു'-അനുഭവം വിവരിച്ച് ഹമാസ് മോചിപ്പിച്ച ഇസ്രായേല്‍ വനിത

''പിസ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ അവരിലൊരാള്‍ സൈക്കിളെടുത്ത് ഖാന്‍ യൂനുസില്‍ ചെന്ന് എനിക്കതു വാങ്ങിക്കൊണ്ടുതന്നു. പഴവും പച്ചക്കറിയും ആവശ്യപ്പെട്ടപ്പോള്‍ അതും വാങ്ങിത്തന്നു. ഇടയ്ക്ക് ഭക്ഷണമെല്ലാം തീര്‍ന്നെങ്കിലും അവര്‍ ഞങ്ങളെ പട്ടിണി കിടത്തിയില്ല.''

Update: 2024-07-29 12:08 GMT
Editor : Shaheer | By : Web Desk

ലിയാത് ആറ്റ്‌സിലി

Advertising

തെല്‍അവീവ്: ''ഗസ്സ മുനമ്പിലെ പട്ടിണിയെ കുറിച്ചായിരുന്നു കാര്യമായും ഞങ്ങളുടെ സംസാരം. മക്കയില്‍ ഹജ്ജിനു പോകണമെന്നൊക്കെ ആഗ്രഹം പറഞ്ഞു അവര്‍. മക്‌ഡൊണാള്‍ഡ് കഴിച്ചിട്ടുണ്ടോ എന്നൊരിക്കല്‍ അവര്‍ കൗതുകത്തോടെ ഞങ്ങളോട് ചോദിച്ചു. കഴിച്ചിട്ടുണ്ട്, ഒരു രസവുമില്ലെന്നൊക്കെ പറഞ്ഞപ്പോള്‍, പരസ്യത്തില്‍ കാണുമ്പോള്‍ കൊള്ളാമല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം.''

ഹമാസ് ബന്ദിയാക്കിയ ലിയാത് ബെയ്‌നിന്‍ ആറ്റ്‌സിലിയുടെ വാക്കുകളാണിത്. തട്ടിക്കൊണ്ടുപോയവരുമൊത്തു കഴിഞ്ഞ ദിവസങ്ങളെ കുറിച്ചാണു വിവരിക്കുന്നത്. ആദ്യമൊക്കെ എന്തെങ്കിലും ചെയ്യുമെന്നു ഭീതിയുണ്ടായിരുന്നെങ്കിലും പതിയെ കൂടുതല്‍ അടുത്തതോടെ അതെല്ലാം എങ്ങോ പോയ്മറഞ്ഞു. പേടിക്കേണ്ടെന്നും ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു തട്ടിക്കൊണ്ടുപോയവര്‍. കൃത്യമായി തിന്നാനും കുടിക്കാനുമുള്ളത് എത്തിച്ചു. ഒരുപാട് കാര്യങ്ങളെ കുറിച്ചു മനസുതുറന്നു സംസാരിച്ചുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലിയാത് ആറ്റ്‌സിലി ഇസ്രായേലി മാധ്യമമായ 'ഹാരെറ്റ്‌സി'നു നല്‍കിയ വിശദമായ അഭിമുഖത്തില്‍.

ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലിലെ നിര്‍ ഓസിലെ വീട്ടില്‍നിന്നാണ് ആറ്റ്‌സിലിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് ഗസ്സയിലെ ഖാന്‍ യൂനുസില്‍ ആഴ്ചകളോളം രണ്ടു ഫലസ്തീനി യുവാക്കളുടെ സംരക്ഷണത്തിലാണ് അവര്‍ കഴിഞ്ഞത്. നവംബര്‍ 29നുണ്ടായ വെടിനിര്‍ത്തലിനിടെ ഹമാസ് മോചിപ്പിച്ച ഇസ്രായേല്‍ ബന്ദികള്‍ക്കൊപ്പമാണ് ആറ്റ്‌സിലിയും വീട്ടില്‍ തിരിച്ചെത്തുന്നത്. ഹമാസിന്റെ പിടിയില്‍ പേടിച്ചില്ലേ, അവര്‍ ഉപ്രദവിച്ചില്ലേ എന്നൊക്കെയുള്ള ഹാരറ്റ്‌സ് ലേഖകന്റെ ചോദ്യങ്ങളെയും സംശയങ്ങളെയും തന്റെ അനുഭവങ്ങള്‍ വിവരിച്ചു തള്ളിക്കളയുകയാണ് ഈ ഇസ്രായേല്‍ വനിത.

വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോകുമ്പോള്‍ കൈയില്‍ ആയുധമുണ്ടായിട്ടും അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയോ പേടിപ്പിക്കുകയോ ചെയ്തില്ലെന്ന് ആറ്റ്‌സിലി പറയുന്നു. 'പേടിക്കേണ്ട, ഞങ്ങള്‍ ഒന്നും ചെയ്യില്ല, കൂടെ വരൂ' എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. വസ്ത്രം മാറാനും റെഡിയായി വരാനുമുള്ള സമയം തന്നു. പക്ഷേ, ആ ഞെട്ടലില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ആറ്റ്‌സിലി പറയുന്നു.

ലിയാത് ബെയ്‌നിന്‍ ആറ്റ്‌സിലി

ഒക്ടോബര്‍ ഏഴിലെ അനുഭവങ്ങള്‍ അവര്‍ തന്നെ വിവരിക്കട്ടെ:

''അവരെന്നെ സ്പര്‍ശിച്ചതേയില്ല. പേടിക്കേണ്ട, ഞങ്ങള്‍ ഉപദ്രവിക്കില്ല എന്ന് അവര്‍ എപ്പോഴും ഇംഗ്ലീഷില്‍ പറഞ്ഞുകൊണ്ടിരുന്നു. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളുടെ വീട്ടിലേക്കാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. അയാളുടെ അമ്മ എന്ന സ്വീകരിച്ചിരുത്തി. എനിക്ക് കരച്ചില്‍ അടക്കാനാകുന്നുണ്ടായിരുന്നില്ല. സോഫയില്‍ ഇരുത്തി അവരെന്നെ കെട്ടിപ്പിടിച്ചു. എല്ലാം ശരിയാകുമെന്നു പറഞ്ഞു. ഇവിടെ ഒന്നും പറ്റില്ലെന്നും സുരക്ഷിതയാണെന്നും അവര്‍ സംരക്ഷിക്കുമെന്നെല്ലാം അവര്‍ പറഞ്ഞുകൊണ്ടിരുന്നു. കുടിക്കാനും കഴിക്കാനുമെല്ലാം അവര്‍ തന്നു. എന്നെ കുളിക്കാനും വസ്ത്രം മാറാനും വിട്ടു. എന്റെ വസ്ത്രം അലക്കിത്തന്നു.

വീട് തുറന്നുകിടക്കുകയായിരുന്നു. ഞാന്‍ ചാടിപ്പോകുമെന്ന ഭയമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എന്തെങ്കിലും വേണമെങ്കില്‍ പറയാന്‍ ആവശ്യപ്പെട്ടു അവര്‍. റൂമില്‍ സ്വസ്ഥമായിരിക്കാന്‍ വിട്ടു. അവര്‍ ഇംഗ്ലീഷും ഞാന്‍ അറബിയും സംസാരിക്കാത്തതുകൊണ്ട് ഞങ്ങള്‍ അധികം മിണ്ടിയില്ല. തട്ടിക്കൊണ്ടുവന്നയാളുടെ മാതാപിതാക്കളും സഹോദരങ്ങളും സഹോദരിയും അവരുടെ കുട്ടികളുമാണ് അവിടെയുണ്ടായിരുന്നത്. വീട്ടില്‍ കുട്ടികളുണ്ടായിരുന്നതുകൊണ്ട് സമാധാനമായിരുന്നു.

അടുത്ത ദിവസം അവര്‍ മറ്റൊരു കെട്ടിടത്തിലേക്കു കൊണ്ടുപോയി. അവിടെ ഏതാനും തായ് വംശജരായ ബന്ദികളുമുണ്ടായിരുന്നു. ഒപ്പം അംഗരക്ഷകരുമുണ്ടായിരുന്നെങ്കിലും അവരുടെ കൈയില്‍ ആയുധമൊന്നും ഉണ്ടായിരുന്നില്ല. പത്ത് ദിവസം അവിടെ കഴിഞ്ഞ ശേഷം മറ്റൊരിടത്തേക്കു കൊണ്ടുപോയി.

ഇസ്രായേലുമായി ഹമാസ് ബന്ദികൈമാറ്റ കരാറിനു ശ്രമിക്കുന്നുണ്ടെന്ന് അവര്‍ ഞങ്ങളോട് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഉടന്‍ അതു യാഥാര്‍ഥ്യമാകുമെന്നും അതുവരെ ഞങ്ങളെ സംരക്ഷിക്കുകയാണു തന്റെ ചുമതലയെന്നുമാണ് അംഗരക്ഷകര്‍ പറഞ്ഞത്. ഞങ്ങള്‍ നല്ല ആരോഗ്യത്തിലിരിക്കേണ്ടത് അവരുടെ ആവശ്യമാണെന്നും വ്യക്തമാക്കി. കുറച്ചു ദിവസം കഴിഞ്ഞതോടെ, അവര്‍ നമ്മളെ ഉപദ്രവിക്കില്ലെന്നു വ്യക്തമായി. അതിന്റെ ആശ്വാസത്തിലായിരുന്നു ഞാന്‍.

അവര്‍ എല്ലാ ദിവസം അല്‍ജസീറ ചാനലില്‍ വാര്‍ത്ത കാണാന്‍ അനുവദിക്കുമായിരുന്നു. പുറത്ത് എന്തൊക്കെയാണു സംഭവിക്കുന്നതെന്ന് അറിയാന്‍. ബന്ദികളെ മോചിപ്പിക്കാന്‍ വേണ്ടി നാട്ടില്‍ പ്രതിഷേധം നടക്കുന്നതൊക്കെ അങ്ങനെ അറിയാനായി.

ഞാന്‍ വെജിറ്റേറിയന്‍ ആണെന്നു പറഞ്ഞുകെട്ട ആശ്ചര്യത്തിലായിരുന്നു അവര്‍. എന്തൊക്കെയാണ് ഞാന്‍ കഴിക്കാറുള്ളതെന്നു ചോദിച്ചറിഞ്ഞു അവര്‍. പിസ ഇഷ്ടമാണെന്നു പറഞ്ഞു ഞാന്‍. അങ്ങനെ അവരിലൊരാള്‍ സൈക്കിളെടുത്ത് ഖാന്‍ യൂനുസില്‍ ചെന്ന് എനിക്ക് പിസ വാങ്ങിക്കൊണ്ടുതന്നു. പഴവും പച്ചക്കറിയും ആവശ്യപ്പെട്ടപ്പോള്‍ അതും വാങ്ങിത്തന്നു. ഇടയ്ക്ക് ഭക്ഷണമെല്ലാം തീര്‍ന്നെങ്കിലും അവര്‍ ഞങ്ങളെ പട്ടിണി കിടത്തിയില്ല. മതിയായ ഭക്ഷണം കഴിക്കാനുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തി.

പരസ്പരം ആശയവിനിമയം തുടര്‍ന്നാല്‍ അതിജീവിക്കാനാകുമെന്നു കരുതി ഞാന്‍ അവരോട് സംസാരിച്ചുകൊണ്ടിരുന്നു. കുടുംബത്തെ കുറിച്ചും ഞങ്ങളുടെ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരമുണ്ടായി. അംഗരക്ഷകരില്‍ ഒരാള്‍ അഭിഭാഷകനും മറ്റൊരാള്‍ അധ്യാപകനുമാണെന്നാണു പറഞ്ഞത്. രണ്ടുപേരും വിവാഹിതരാണ്. കുട്ടികളുമുണ്ട്. ഒരു ദിവസം ഒരാളുടെ ഭാര്യ അവരുടെ കൈക്കുഞ്ഞുമായി എന്റെ അടുത്ത് വന്നു. ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു; ദൈനംദിന ജീവിതത്തെ കുറിച്ച്, കുട്ടികളെ കുറിച്ചെല്ലാം. ഭര്‍ത്താക്കന്മാരും മാതാപിതാക്കളുമെല്ലാം സംസാരത്തില്‍ വിഷയമായി.

ലിയാത് ബെയ്‌നിന്‍ ആറ്റ്‌സിലി ഭര്‍ത്താവിനൊപ്പം

അംഗരക്ഷകരില്‍ ഒരാള്‍ക്കൊരു പൂച്ചയുണ്ടായിരുന്നു. അതിനെ കുറിച്ച് സംസാരിക്കും ഞങ്ങള്‍. ഒരാള്‍ക്ക് നന്നായി പാചകം ചെയ്യാനറിയാം. മക്ലൂബ, സ്റ്റഫഡ് വെജിറ്റബിള്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷണ വിഭവങ്ങളെ കുറിച്ചും പുള്ളി വിശദീകരിക്കും.

ഹമാസിനെ കുറിച്ചൊന്നും അവര്‍ അധികം സംസാരിച്ചിട്ടില്ല. ഗസ്സ മുനമ്പിലെ പട്ടിണിയെ കുറിച്ചായിരുന്നു കാര്യമായും സംസാരം. മക്കയില്‍ ഹജ്ജിനു പോകണമെന്നൊക്കെ ആഗ്രഹം പറഞ്ഞു അവര്‍. സ്വന്തമായി സ്വത്തൊക്കെയുള്ള മധ്യവര്‍ഗക്കാരാണ്. പക്ഷേ, എന്നിട്ടും അവിടത്തെ ജീവിതം ദുഷ്‌ക്കരമാണ്. മക്‌ഡൊണാള്‍ഡ് കഴിച്ചിട്ടുണ്ടോ എന്നൊരിക്കല്‍ അവര്‍ കൗതുകത്തോടെ ഞങ്ങളോട് ചോദിച്ചു. കഴിച്ചിട്ടുണ്ട്, ഒരു രസവുമില്ലെന്നൊക്കെ പറഞ്ഞപ്പോള്‍, പരസ്യത്തില്‍ കാണുമ്പോള്‍ കൊള്ളാമല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം.''

സ്ത്രീകളായതുകൊണ്ട് നിങ്ങളെ അവര്‍ എന്തെങ്കിലും ചെയ്യുമെന്ന പേടിയുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെയായിരുന്നു: ''ആദ്യമൊക്കെ എന്തെങ്കിലും സംഭവിക്കുമെന്ന പേടിയുണ്ടായിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെടാനിടയുണ്ടെന്ന ഭീതിയിലായിരുന്നു. എന്നാല്‍, പോകപ്പോകെ അത്തരം ഭീതികളെല്ലാം മാറി. ഒരു പരിധി വച്ചാണ് അവര്‍ നിന്നിരുന്നത്.

ഒടുവില്‍ വേര്‍പിരിയും മുന്‍പ് ദൈവം അനുഗ്രഹിക്കട്ടെ, നല്ലതു വരട്ടെ എന്നൊക്കെ ആശംസിച്ചാണ് അവര്‍ ഞങ്ങളെ വിട്ടത്. ഞങ്ങള്‍ നന്ദി പറയുകയും ചെയ്തു. തോളില്‍ തട്ടി ആശ്വസിപ്പിക്കുകയും ചെയ്തു അവര്‍.''

എപ്പോഴും സമാധാനത്തിലും പരസ്പര സഹവര്‍ത്തിത്തതിലും വിശ്വസിക്കുന്ന ഒരു ഇടത് ആഭിമുഖ്യമുള്ളയാളാണ് താനെന്നും ആറ്റ്‌സിലി കൂട്ടിച്ചേര്‍ത്തു. സമാധാനമില്ലാതെ അതിജീവനം സാധ്യമല്ല. എന്നെ തട്ടിക്കൊണ്ടുപോയവര്‍ക്കൊക്കം ഖാന്‍ യൂനിസില്‍ ഇരുന്ന് ഫലാഫില്‍ കഴിക്കുന്നതല്ല സമാധാനം. യുദ്ധമില്ലാത്ത അവസ്ഥയാണു സമാധാനം. ഈ യുദ്ധം കഴിഞ്ഞും മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പെട്ടിയുമെടുത്ത് നാടുവിടുന്നതാണു നല്ലത്. ഇസ്രായേല്‍ സര്‍ക്കാരും വന്‍ അബദ്ധമാണ്. ഒരു അര്‍ഹതയുമില്ലാത്ത പ്രധാനമന്ത്രിയാണു വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. ഗസ്സയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദന എനിക്കു മനസിലാകും. ഈ യുദ്ധം ഇപ്പോള്‍ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടിയുള്ളതാണെന്നു വ്യക്തമാണ്. തങ്ങളുടെ രാഷ്ട്രീയമായ അതിജീവനത്തിനു വേണ്ടി ബന്ദികളെ ബലികൊടുത്ത സര്‍ക്കാരാണിതെന്നും ആറ്റ്‌സിലി അഭിമുഖത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Summary: ''They didn't touch me, they told me in English: don't worry, we won't hurt you'': Says released Israeli hostage Liat Beinin Atzili

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News