കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ മെക്‌സിക്കോയിൽ കൊല്ലപ്പെട്ടത് 80 വൈദികർ; അക്രമം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കാത്തലിക് മൾട്ടിമീഡിയ സെന്റർ
മെക്സിക്കന്‍ കത്തോലിക്കാ സഭയുടെ മാധ്യമമായ മള്‍ട്ടിമീഡിയ കാത്തലിക് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുള്ളത്. 1990 മുതല്‍ 2022 വരെയുള്ള കണക്കാണിത്.
മെക്സിക്കോ സിറ്റി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ മെക്സിക്കോയിൽ 80 വൈദികർ കൊല്ലപ്പെട്ടെന്ന് കാത്തലിക് മൾട്ടിമീഡിയ സെന്റര്‍(സിസിഎം).
മെക്സിക്കന്‍ കത്തോലിക്കാ സഭയുടെ മാധ്യമമായ മള്‍ട്ടിമീഡിയ കാത്തലിക് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുള്ളത്. 1990 മുതല്‍ 2022 വരെയുള്ള കണക്കാണിത്.1990 മുതൽ രാജ്യത്ത് ഏകദേശം 80 കത്തോലിക്കാ പുരോഹിതന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിസിഎം വ്യക്തമാക്കുന്നത്.
മെക്‌സിക്കോയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം അക്രമം സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചുവെന്നും ഇത് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട് സിസിഎം ഡയറക്ടർ ഫാദർ ഒമർ സോട്ടെലോ അഗ്വിലാർ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭീഷണികൾ, മോഷണം, തുടങ്ങിയ കത്തോലിക്കാ പുരോഹിതരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന മറ്റ് ആക്രമണ രൂപങ്ങളും സിസിഎം റിപ്പോർട്ട് തുറന്നുകാട്ടുന്നു. ഡിസംബര്‍ 9നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഗ്വാഡലജാര വിമാനത്താവളത്തിൽ വച്ച് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജുവാൻ ജെസസ് പൊസാദാസ് ഒകാമ്പോ, വെടിയേറ്റ് മരിച്ചതാണ് ഏറ്റവും ഞെട്ടിച്ച കൊലപാതകം. 1993 മെയ് 24നായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിലാരെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഭരണകൂട ഒത്താശയോടെ ചെയ്ത കൊലപാതകമാണിതെന്നാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ കർദ്ദിനാൾ ജുവാൻ സാൻഡോവൽ ഐനിഗസ് ആരോപിക്കുന്നത്.
2018 നും 2024 നും ഇടയിൽ അതായത് മുൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ ആറ് വർഷത്തെ ഭരണകാലത്താണ് ഏറ്റവും കൊലപാതകങ്ങൾ നടന്നതെന്നും അദ്ദേഹത്തിന്റെ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ വിവാദ നയമായ "അബ്രാസോസ്, നോ ബാലാസോസ്" ( ബുള്ളറ്റുകളല്ല, ആലിംഗനങ്ങളാണ് വേണ്ടത്) നടപ്പിലാക്കുന്നതിനിടയിലാണ് അക്രമത്തിന്റെ തോത് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മയക്കുമരുന്ന് സംഘങ്ങളെ നിയമവഴിയിലൂടെ ഒതുക്കുന്നതിന് പകരം സാമൂഹിക പരിപാടികളിലൂടെ അഭിസംബോധന ചെയ്യുക എന്നതായിരുന്നു "അബ്രാസോസ്, നോ ബാലാസോസ്" എന്ന തന്ത്രത്തിന് പിന്നില്‍. എന്നാല്‍ നിയമം നടപ്പിലാക്കുന്നതിലെ ഭരണകൂട പരാജയമാണ് ഒബ്രഡോറിന്റെ നയം കാണിച്ചതെന്നും അക്രമം കുറക്കാന്‍ ഇത് സഹായിച്ചില്ലെന്നും സിസിഎം കുറ്റപ്പെടുത്തുന്നു.
മയക്കുമരുന്ന് മാഫിയ ഏറ്റവും ശക്തമായ രാജ്യമാണ് മെക്സിക്കോ. പലപ്പോഴും മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രാജ്യത്ത് പതിവാണ്. ഇതില്‍ പല വൈദികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ഇവിടെ നിയമം നടപ്പാക്കാതെ മറ്റുവഴികള്‍ നോക്കുന്നത് അപകടമാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
ലോപ്പസ് ഒബ്രഡോറിന്റെ ആറ് വർഷത്തെ കാലയളവിൽ, 10 വൈദികരാണ് കൊല്ലപ്പെട്ടത്. 14 വൈദികരും ബിഷപ്പുമാരും ആക്രമിക്കപ്പെട്ടു, ഒരാഴ്ചയില്‍, ശരാശരി 26 പള്ളികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടുപോകൽ, വധഭീഷണികള്‍ തുടങ്ങിയവയും കത്തോലിക്കാ സഭയിലെ അംഗങ്ങൾക്കെതിരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിസിഎം റിപ്പോർട്ടില്‍ പറയുന്നു.