‘ആക്രമണത്തെ ന്യായീകരിക്കാനാവില്ല’; ഇസ്രായേലിനെതിരെ സിറിയൻ വിമത നേതാവ്​ ജുലാനി

‘പുതിയ ഏറ്റുമുട്ടലിന്​ താൽപര്യമില്ല’

Update: 2024-12-15 03:59 GMT
Advertising

ദമസ്​കസ്​: സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ വിമത സേനയായ ഹയാത് തഹ്‍രീർ അൽ ശാമിന്റെ (എച്ച്ടിഎസ്) തലവൻ അബു മുഹമ്മദ് അൽ ജുലാനി. സിറിയയിൽ ഇനി വ്യോമാക്രമണം നടത്താൻ ഇസ്രായേലിന്​ ന്യായീകരണമൊന്നുമില്ലെന്ന്​ അദ്ദേഹം സിറിയൻ ടിവി ന്യൂസ്​ ചാനലിന്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കി. ഈയിടെ നടത്തിയ ആക്രമണങ്ങൾ എല്ലാവിധ അതിർവരമ്പുകളും ലംഘിക്കുന്നതാണ്​. ആക്രമണം ഇല്ലാതാക്കാൻ അന്താരാഷ്​ട്ര സമൂഹം ഇടപെടണമെന്നും സിറിയൻ പരമാധികാരത്തെ മാനിക്കണമെന്നും ജുലാനി ആവശ്യപ്പെട്ടു.

സുരക്ഷയും സുസ്​ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങളാണ്​ വേണ്ടത്​. സിറിയൻ മണ്ണിലേക്കുള്ള ഇസ്രായേൽ സൈനികാധിനിവേശം അപകടകരമാണ്​. ഇസ്രായേലുമായുള്ള ദീർഘകാല സംഘർഷം രാജ്യത്തെ വീർപ്പുമുട്ടിച്ചിരിക്കെ, പുതിയ ഏറ്റുമുട്ടലിന്​ താൽപര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ശനിയാഴ്​ചയും ഇസ്രായേൽ ദമസ്​കസിലടക്കം ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾക്ക്​ നേരെയായിരുനു ആക്രമണം. പർവതത്തിന്​ അടിയിലായുള്ള റോക്കറ്റ്​ സംഭരണ കേന്ദ്രത്തിലടക്കം ആക്രമണം നടത്തിയതായി സിറിയൻ വാർ മോണിറ്റർ വ്യക്​തമാക്കി. നേരത്തെ സിറിയയുടെ ആയുധ ശേഷിയുടെ 80 ശതമാനവും തകർത്തതായി ഇസ്രായേൽ അറിയിച്ചിരുന്നു.

അതേസമയം, സിറിയയിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ഇടപെടില്ലെന്ന്​ ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു. സിറിയൻ ഗോലാൻ കുന്നുകളിൽ നിലയുറപ്പിച്ച ഇസ്രായേലി സൈനികരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സിറിയയിൽ ഭരണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇസ്രായേലി ജനതക്ക്​ സുരക്ഷ ഉറപ്പാക്കുകയാണ്​ ലക്ഷ്യമിടുന്നത്​. ഇവിടെ ഒരു ശത്രു രാജ്യമുണ്ടായിരുന്നു. അതി​െൻറ സൈന്യം തകർന്നിരിക്കുന്നു. തീവ്രവാദ സംഘങ്ങൾ ഇവിടേക്ക്​ വരുമെന്ന്​ ആശങ്കയുണ്ട്​. അതിനാലാണ്​ ആക്രമണം നടത്തിയതെന്നും ഹെർസി വ്യക്​തമാക്കി.

അതേസമയം, എച്ച്ടിഎസ് തലവൻ അബു മുഹമ്മദ് അൽ ജുലാനിക്ക്​ ഇസ്രായേൽ സന്ദേശമയച്ചതായും റിപ്പോർട്ടുണ്ട്​. മൂന്ന്​ കക്ഷികൾ വഴിയാണ്​ സന്ദേശം എത്തിച്ചിട്ടുള്ളത്​. ഇസ്രായേലി​െൻറ അതിർത്തിയിലേക്ക്​ വിമത സേന വരരുതെന്നാണ്​ സന്ദേശത്തി​െൻറ ഉള്ളടക്കം. എച്ച്​ടിഎസ്​ അതിർത്തിയിലേക്ക്​ വരികയാണെങ്കിൽ ഇസ്രായേൽ സൈന്യം തക്കതായ മറുപടി നൽകുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്​. സിഎൻഎന്നിന്​ നൽകിയ അഭിമുഖത്തിൽ ഇസ്രായേലി മാധ്യമപ്രവർത്തകനും രാഷ്​ട്രീയ നിരീക്ഷകനുമായ ബറാക്​ ഡേവിഡാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. സിറിയയിലെ വിവിധ സംഘങ്ങളുമായി ഇസ്രായേലിന്​ അടുത്ത ബന്ധമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. വടക്കൻ ഭാഗത്തുള്ള കുർദിഷ്​ വിഭാഗം, സിറിയൻ ഗോലൻ കുന്നുകളിലെ ദുറൂസ്​ വിഭാഗം എന്നിവരുമായെല്ലാം അടുത്ത ബന്ധമാണ്​ ഇസ്രായേലിനുള്ളതെന്നും ബറാക്​ വ്യക്​തമാക്കി.

സിറിയൻ അതിർത്തി ഭദ്രമാക്കണം

സിറിയയുടെ അതിർത്തി ഭദ്രമാക്കാനും ഐക്യം ഉറപ്പാക്കാനും അടിയന്തര നടപടി വേണമെന്ന്​ ജോർദാനിൽ ചേർന്ന യോഗത്തിൽ അറബ്​ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ജോർദാനിൽ ചേർന്ന സിറിയൻ ഉച്ചകോടിയിലാണ്​ അറബ്​ രാജ്യങ്ങൾ ഇസ്രയേലിന്‍റെ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നത്​. ഗോലാൻ കുന്നുകളോട്​ ചേർന്ന ബഫർ സോണിൽ ഇസ്രായേൽ നടത്തിയ അധിനിവേശം സിറിയയുടെ പരമാധികാരത്തിനു നേർക്കുള്ള ഭീഷണിയാണെന്ന്​ സൗദി അറേബ്യ, ജോർദാൻ, ലബനാൻ, ഇറാഖ്​, ഈജിപ്ത്​ എന്നീ രാജ്യങ്ങൾ കുറ്റപ്പെടുത്തി. സിറിയയിൽ സമാധാനപരമായ അധികാര കൈമാറ്റത്തിന്​ അയൽ രാജ്യങ്ങൾ പൂർണ പിന്തുണ അറിയിച്ചു. അമേരിക്ക, തുർക്കി, യൂറോപ്യൻ യൂനിയൻ എന്നിവയുടെ ഉന്നത പ്രതിനിധികളും ഉച്ചകോടിയിൽ സംബന്ധിച്ചു.

സിറിയയിൽ വിമത വിഭാഗവുമായി നേരിട്ട്​ ആശയവിനിമയം തുടങ്ങിയെന്ന്​ ജോർദാൻ ഉച്ചകോടിക്ക്​ ശേഷം യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും സർക്കാറിൽ പ്രാതിനിധ്യം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിമത വിഭാഗം അനുകൂല നിലപാട്​ സ്വീകരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ബ്ലിങ്കൻ വ്യക്​തമാക്കി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News