സിറിയയിൽ ആഭ്യന്തര സംഘർഷത്തിനിടെ അടച്ചിട്ട സ്കൂളുകൾ തുറന്നു; ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

തുര്‍ക്കി അതിര്‍ത്തിവഴി 7600 സിറിയന്‍ അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തേക്കുമടങ്ങിയെന്ന് തുർക്കിയുടെ ആഭ്യന്തര മന്ത്രി പറഞ്ഞു

Update: 2024-12-16 06:25 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ദമസ്കസ്: രണ്ടാഴ്ചയോളംനീണ്ട സായുധവിപ്ലവത്തിനുശേഷം സിറിയയില്‍ സ്‌കൂളുകളും കോളജുകളും തുറന്നു. വിമത സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന സായുധ നീക്കത്തെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങളാണ് വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചത്. അതേസമയം, പുതിയ ഭരണകൂടം അധികാരം ഏറ്റെടുത്ത ശേഷവും ഇസ്രായേൽ സിറിയയിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്.

യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് ക്ലാസുകൾ ആരംഭിച്ചിട്ടുള്ളത്. പ്രൈമറി സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടുദിവസമെടുക്കും. ഇസ്രായേൽ ആക്രമണം ശക്തമായിരിക്കെ തന്നെ സിറിയയില്‍ പലയിടങ്ങളിലും ജനജീവിതം സാധാരണനിലയിലേക്കുമടങ്ങി. ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് സിറിയയിലെ പുതിയ ഭരണാധികാരികൾ സ്കൂളുകൾ തുറക്കാൻ ഉത്തരവിറക്കിയത്. സ്കൂളുകൾ തുറന്നു എങ്കിലും സംഘർഷാന്തരീക്ഷം നിലനിൽക്കുന്നതിനാൽ മിക്ക സ്‌കൂളുകളിലും ഹാജര്‍നില 30 ശതമാനത്തില്‍ കുറവായിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ആവശ്യമായ എല്ലാ സേവനങ്ങളുമായി സ്കൂളുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രവിശ്യകള്‍ക്കുപുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന സര്‍വകലാശാലകളില്‍ പലയിടത്തും ക്ലാസുകള്‍ നടന്നില്ല.

അസദ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷം, അഞ്ചുദിവസത്തിനിടെ തുര്‍ക്കി അതിര്‍ത്തിവഴി 7600 സിറിയന്‍ അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തേക്കുമടങ്ങിയെന്ന് തുർക്കിയുടെ ആഭ്യന്തര മന്ത്രി പറഞ്ഞു. വിമതവിപ്ലവത്തിനും ബശ്ശാറുൽ അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെയാണ് സിറിയയില്‍ ഇസ്രായേൽ ആക്രമണം ശക്തമായത്. അഞ്ചുമണിക്കൂറിനിടെ അറുപതിലേറെ ആക്രമണങ്ങളാണ് ഇസ്രായേൽ സേന നടത്തിയത്. സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ 'സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്'പറഞ്ഞു. തെക്കുകിഴക്കൻ ക്യുനൈത്രയിലെ റോഡുകളും വൈദ്യുതി ലൈനുകളും ജല ശൃംഖലകളും ഇസ്രായേൽ കരസേന തകർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിറിയയിൽ അധികാരം പിടിച്ച വിമതഗ്രൂപ്പുമായി യുഎസ് നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ പറഞ്ഞു. സിറിയയിൽ നിന്നും റഷ്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ ആന്റണി ബ്ലിങ്കൺ തയ്യാറായില്ല. സിറിയയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇനി ഇസ്രയേലിനുമുന്നില്‍ കാരണങ്ങളൊന്നുമില്ലെന്ന് വിമതവിപ്ലവത്തിന് നേതൃത്വം നൽകിയ ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ (എച്ച്ടിഎസ്) നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി പറഞ്ഞു. 'ഇസ്രയേല്‍ പ്രതിരോധസേനയുടെ ആക്രമണങ്ങള്‍ പരിധിവിട്ടിരിക്കുകയാണ്. വര്‍ഷങ്ങളോളംനീണ്ട യുദ്ധവും സംഘര്‍ഷങ്ങളും കാരണം തളര്‍ന്ന സിറിയയെ, ഇനിയും അക്രമിക്കാനോ ഇല്ലാതാക്കനോ ആരെയും അനുവദിക്കില്ല' എന്ന് ജുലാനി വ്യക്തമാക്കി.

സിറിയയെ നശിപ്പിക്കുന്ന സംഘര്‍ഷങ്ങളല്ല, പകരം രാജ്യത്തിന്റെ പുനര്‍നിര്‍മാണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ജുലാനി അവകാശപ്പെട്ടു. 'സിറിയയെ ആക്രമണത്തിനുള്ള വേദിയാക്കിയത് ഇറാനാണ്. അതിന് അന്ത്യംകുറിക്കാന്‍ വിപ്ലവത്തിലൂടെ സാധിച്ചു. എന്നാൽ അവരുമായി ശത്രുതയില്ല' എന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് സാധാരണജനങ്ങളെ ആക്രമിച്ച റഷ്യന്‍സൈന്യത്തെ ജുലാനി കടന്നാക്രമിച്ചെങ്കിലും പൊതുതാത്പര്യം കണക്കിലെടുത്ത് റഷ്യയുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് കൂട്ടിച്ചേർത്തു.

ശനിയാഴ്ച വിമതര്‍ക്കുനേരേയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ നാലുപേര്‍ മരിച്ചു. സൈനിക കേന്ദ്രങ്ങൾക്ക്​ നേരെയായിരുനു ആക്രമണം. മെഡിറ്ററേനിയന്‍ തീരനഗരങ്ങളായ ലടാകിയ, ടാര്‍ട്ടസ്, ബജ്ലഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പർവതത്തിന്​ അടിയിലായുള്ള റോക്കറ്റ്​ സംഭരണ കേന്ദ്രത്തിലടക്കം ആക്രമണം നടത്തിയതായി സിറിയൻ വാർ മോണിറ്റർ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News