പറപറന്ന് കാറുകള്‍; ഫ്ലോറിഡയെ തകര്‍ത്ത് തരിപ്പണമാക്കി ഇയാന്‍ ചുഴലിക്കാറ്റ്

അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീശിയത്

Update: 2022-09-29 04:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ നാശം വിതച്ച് ഇയാന്‍ ചുഴലിക്കാറ്റ്. ബുധനാഴ്ച ഫ്ലോറിഡ തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്തെ ദുരിതത്തിലാക്കി.

അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീശിയത്. വീശിയടിച്ച കാറ്റില്‍ കാറുകള്‍ പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി. 1.8 ദശലക്ഷം ആളുകളെയാണ് ഇത് ബാധിച്ചത്. മൂന്ന് കൗണ്ടികളിലും മിക്കവാറും എല്ലാ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതിയില്ലായിരുന്നുവെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടുങ്കാറ്റില്‍ ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറുകള്‍ പൊട്ടിത്തെറിക്കുകയും പ്രദേശമാകെ തീപ്പൊരി കൊണ്ടു മൂടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടര്‍ പറന്നു പോകുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ഫ്ലോറിഡയിലെത്തുന്നതിനു മുന്‍പ് ക്യൂബയിലാണ് ഇയാന്‍ നാശം വിതച്ചത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ ഫ്ലോറിഡ തീരത്ത് ബോട്ട് മുങ്ങി 20 ക്യൂബൻ കുടിയേറ്റക്കാരെ കാണാതായതായി യു.എസ് അതിർത്തി അധികൃതർ അറിയിച്ചു.

ഫ്ലോറിഡയില്‍ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനും ഇയാന്‍ കാരണമായി. കൊടുങ്കാറ്റില്‍ തകര്‍ന്ന ഫ്ലോറിഡയെ പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News