ബ്രിട്ടന്‍ പ്രധാനമന്ത്രി: രണ്ടാംഘട്ട വോട്ടെടുപ്പിലും ഋഷി സുനക് മുന്നിൽ
രണ്ടാംഘട്ട വോട്ടെടുപ്പിൽ 101 കൺസർവെറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി
ലണ്ടന്‍: ബ്രിട്ടനിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ഇന്ത്യൻ വംശജൻ ഋഷി സുനക് രണ്ടാഘട്ടം പിന്നിടുമ്പോഴും മുന്നിൽ. രണ്ടാംഘട്ട വോട്ടെടുപ്പിൽ 101 കൺസർവെറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണ ഋഷി നേടി. തിങ്കളാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട് 358 എംപിമാരിൽ 83 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 64 വോട്ടുകൾ നേടി. മുൻ മന്ത്രി കെമി ബാഡെനോക്ക് 49 വോട്ടുകൾ നേടി നാലാമതും വിദേശകാര്യ സമിതി ചെയർമാൻ ടോം തുഗെന്ധത് 32 വോട്ടുകൾ നേടി അഞ്ചാമതുമാണ്.
ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സ്യുവെല്ല ബ്രേവർമാൻ മത്സരത്തിൽനിന്ന് പുറത്തായി. തിങ്കളാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മത്സരരംഗത്ത് രണ്ടു പേർ മാത്രം ശേഷിക്കുന്ന തരത്തിൽ ജൂലൈ 21 വരെ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കും.
പാർലമെന്‍റേറിയൻമാർക്കിടയിൽ ഋഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പെന്നി മോർഡൌന്റിനാണ് മുൻതൂക്കം. മത്സരത്തിന്റെ അവസാന ഫലം നിർണയിക്കുന്നതും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ രണ്ടു ലക്ഷത്തിലധികം പേരുടെ വോട്ടുകളാണ്. ബ്രിട്ടനിൽ ബോറിസ് ജോൺസന്റെ രാജിക്ക് കാരണമായ ആദ്യ രാജി ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റതായിരുന്നു. വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പഥത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശൻ ആകും ഋഷി സുനക്.