ഇന്ത്യൻ റെസ്റ്റോറന്റിൽ വെയ്റ്ററായി ജോലി ചെയ്തു; ഇപ്പോൾ 65 കോടിയുടെ ബംഗ്ലാവ്, ആസ്തി 6,000 കോടി

ലണ്ടനിലെ കെൻസിങ്ടണിലുള്ള സുനകിന്റെയും അക്ഷതയുടെയും കൊട്ടാരസമാനമായ വസതിക്ക് ഏകേദശം 65 കോടി രൂപ വിലമതിക്കും. ബംഗ്ലാവിനകത്ത് 3.8 കോടി രൂപ ചെലവിട്ട് അത്യാഡംബര സ്വിമ്മിങ് പൂൾ നിർമിച്ചത് അടുത്തിടെയാണ് വിവാദത്തിലായിരുന്നു

Update: 2022-10-25 07:57 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ മാത്രമല്ല, ആദ്യത്തെ ഏഷ്യൻ വംശജനുമാണ് ഋഷി സുനക്. വെള്ളക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയും. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി അങ്ങനെ നിരവധി സവിശേഷതകളുമായാണ് സുനക് ബ്രിട്ടന്റെ അധികാരമേറ്റെടുക്കാൻ പോകുന്നത്.

എന്നാൽ, മറ്റൊരു കൗതുകംകൂടിയുണ്ട്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്പന്നനായ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്. ഒരുപക്ഷെ, ബ്രിട്ടീഷ് രാജകുമാരൻ 730 മില്യൻ പൗണ്ട്(ഏകദേശം 6,816 കോടി രൂപ)യാണ് അദ്ദേഹത്തിന്റെ ആസ്തി! അടുത്തിടെ അധികാരമേറ്റ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ആസ്തിക്കും മുകളിൽ വരുമിത്.

റെസ്‌റ്റോറന്റിൽ ടേബിൾ തുടച്ചു; പാത്രം കഴുകി

എന്നാൽ, വായിൽ വെള്ളിക്കരണ്ടിയുമായി ഒരു സമ്പന്ന കുടുംബത്തിന്റെ ശീതളിമയിലേക്ക് ജനിച്ചുവീണവനല്ല ഋഷി സുനക്. കുടിയേറ്റക്കാരുടെ ഒരു മധ്യവർഗ കുടുംബത്തിൽ സ്വാഭാവികമായ എല്ലാ ഞെരുക്കങ്ങളും കഷ്ടപ്പാടുകളും കണ്ടാണ് വളർന്നത്. പിതാവ് ഡോക്ടറായിരുന്നു. സ്വന്തമായൊരു ഫാർമസിയും നടത്തിയിരുന്നു. അപ്പോഴും ചെറിയ പ്രായത്തിൽ തന്നെ പലതരത്തിലുള്ള ജോലികൾ ചെയ്തിട്ടുണ്ട്. ഏറ്റവും കൗതുകമുണർത്തുന്ന കാര്യം, ഒരു ഘട്ടത്തിൽ ബ്രിട്ടനിലെ ഒരു ഇന്ത്യൻ റെസ്‌റ്റോറന്റിൽ വെയ്റ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ടെന്നതാണ്.

ജന്മനാടായ ഹാംഷയറിലെ സതാംപ്ടണിലുള്ള പ്രശസ്ത റെസ്റ്റോറന്റായ കുത്തീസ് ബ്രാസറിയിലായിരുന്നു അദ്ദേഹം വെയ്റ്ററായി ജോലി ചെയ്തിരുന്നത്. ടേബിൾ വൃത്തിയാക്കിയും പാത്രങ്ങൾ കഴുകിയുമെല്ലാം രാവും പകലും അധ്വാനിച്ചു. എന്തുതന്നെയായാലും ഒരു ജോലിയുണ്ടായിരിക്കൽ അത്യാവശ്യമാണെന്നാണ് ഇതേക്കുറിച്ച് സുനക് തന്നെ ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. അതൊരു ഗ്ലാമർ ജോലിയല്ല. അത്യാവശ്യം അധ്വാനം ആവശ്യമാണ്. എന്നാലും ഒരു ജോലിയുണ്ടായിരിക്കുക എന്നത് മനോഹരമായ കാര്യമാണെന്നായിരുന്നു ഋഷി സുനകിന്റെ വിശദീകരണം.

സുനക് റെസ്‌റ്റോറന്റിൽ ജോലി ചെയ്ത കാലം ബ്രാസറി ഉടമയും ശതകോടീശ്വരനുമായ കുതി മിയയും ഓർക്കുന്നുണ്ട്. ഉപയോക്താക്കളുടെ സ്വന്തം ആളായിരുന്നു സുനക് എന്നാണ് കുതി പറഞ്ഞത്. റെസ്റ്റോറന്റിലെത്തുന്നവരുമായി അദ്ദേഹം തുറന്നുസംസാരിക്കും. ഒടുക്കം ബിൽ കിഴിച്ചുകൂട്ടുന്നതിലുമെല്ലാം വിദഗ്ധനായിരുന്നു സുനകെന്നും കുതി സ്മരിക്കുന്നു.

സ്റ്റാൻഫോർഡിൽനിന്ന് മാറിമറിഞ്ഞ തലവര

ജോലിക്കിടയിലും പഠനം മുടക്കമില്ലാതെ തുടർന്നു. ബ്രിട്ടനിലെ തന്നെ ഏറ്റവും സമ്പന്നരുടെ മക്കൾ പഠിക്കുന്ന വിഞ്ചസ്റ്റർ കോളജിൽ പഠനം തുടരുമ്പോഴായിരുന്നു റെസ്‌റ്റോറന്റിലെ ജോലിയും. പിന്നീട് എല്ലാ വിദ്യാർത്ഥികളുടെയും സ്വപ്‌നമായ ഓക്‌സ്ഫഡിൽ ബിരുദപഠനത്തിനു ചേർന്നു. തത്വശാസ്ത്രവും രാഷ്ട്രമീമാംസയും സാമ്പത്തികശാസ്ത്രവും ചേർന്ന കോഴ്‌സായിരുന്നു അവിടെ ചെയ്തത്. 2001ൽ ഒന്നാം റാങ്കോടെ ബിരുദം പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ എം.ബി.എയും ചെയ്തു.

ഓക്‌സ്ഫഡിലെ പഠനം പൂർത്തിയാക്കിയ ശേഷം യു.എസ് കുത്തക നിക്ഷേപ കമ്പനിയായ ഗോൾഡ്മാൻ സാച്ച്‌സിൽ അനലിസ്റ്റായി ജോലി ചെയ്തു. 2004ൽ ഇവിടത്തെ ജോലി രാജിവച്ചാണ് സ്റ്റാൻഫോർഡിൽ ചേരുന്നത്. സ്റ്റാൻഫോർഡ് കാലം തലവര തന്നെ മാറ്റി. അക്ഷതമൂർത്തി എന്ന പ്രണയത്തിന്റെ രൂപത്തിലായിരുന്നു അത്. ഇൻഫോസിസ് സ്ഥാപകനും ശതകോടീശ്വരനുമായ എൻ.ആർ നാരായണമൂർത്തിയുടെ സ്വന്തം പുത്രിയുമായി പ്രണയം. അതങ്ങു വിവാഹത്തിലും കലാശിച്ചു.

പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു. ലണ്ടനിലെ കെൻസിങ്ടണിലുള്ള സുനകിന്റെയും അക്ഷതയുടെയും കൊട്ടാരസമാനമായ വസതിക്ക് ഏഴ് മില്യൻ പൗണ്ട്(ഏകേദശം 65 കോടി രൂപ) വിലമതിക്കും. അതിനകത്ത് 3.8 കോടി രൂപയ്ക്ക് അത്യാഡംബര സ്വിമ്മിങ് പൂൾ നിർമിച്ച് അടുത്തിടെയാണ് ഇരുവരും വിവാദത്തിലായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 മില്യൻ പൗണ്ടിന്റെ നാല് സ്വത്തുക്കൾ സ്വന്തമായുണ്ട് സുനകിന്.

ഭാര്യ അക്ഷതയുടെ ആസ്തി മാത്രം 400 മില്യൻ പൗണ്ടിനടുത്തു വരും. അന്തരിച്ച എലിസബത്ത് രാജ്ഞിയിലും വലിയ സമ്പന്ന! ഇരുവർക്കുമായി ബ്രിട്ടനിൽ മൂന്നും കാലിഫോർണിയയിലെ സാന്റാ മോണിക്കയിൽ ഒരു വസതിയുമുണ്ട് ഇവർക്ക്.

Summary: New UK PM Rishi Sunak was once waiter in an Indian restaurant in Southampton; now owns net worth of 730 million pounds

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News