മാറ്റമില്ലാതെ യൂറോപ്പിലെ ഇസ്‌ലാമോഫോബിയ: മസ്ജിദുകൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നു

യൂറോപ്പിലുടനീളം മസ്ജിദുകൾക്ക് നേരെയുള്ള ആക്രമണങ്ങളും സമൂഹമാധ്യമങ്ങളിൽ മുസ്‌ലിം വിരുദ്ധ ഉള്ളടക്കങ്ങളും വർധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

Update: 2025-03-15 03:53 GMT
Editor : rishad | By : Web Desk
Advertising

അങ്കാറ: അന്താരാഷ്ട്ര തലത്തിൽ ഇസ്‌ലാമോഫോബിയ അപകടകരമാം വിധം വർധിക്കുന്നു. യൂറോപ്പിലുടനീളം മസ്ജിദുകൾക്ക് നേരെയുള്ള ആക്രമണങ്ങളും സമൂഹമാധ്യമങ്ങളിൽ മുസ്‌ലിം വിരുദ്ധ ഉള്ളടക്കങ്ങളും വർധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ 86% മുസ്‌ലിം വിരുദ്ധ ഉള്ളടക്കവും അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്. ആസ്ട്രേലിയ ആസ്ഥാനമായുള്ള ഇസ്‌ലാമിക്‌ കൗൺസിൽ ഓഫ് വിക്ടോറിയയുടെ (ഐസിവി) 2022ല്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെ അവഹേളിക്കുന്ന സംഭവങ്ങള്‍ പടിഞ്ഞാറൻ യൂറോപ്പില്‍ നിന്നും അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2022ല്‍ ഇത്തരത്തില്‍ 15 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും 2023ൽ അത് 507 ആയി ഉയർന്നു. ഡെൻമാർക്കിലാണ് ഇതില്‍ ഭൂരിഭാഗം കേസുകളും.

ഇസ്‌ലാമോഫോബിയ കേവലമൊരു സാമൂഹിക പ്രശ്നമല്ലെന്നും ആഴത്തിൽ വേരൂന്നിയ രാഷ്ട്രീയ പ്രശ്നമാണെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉന്നത നയതന്ത്ര ഫോറങ്ങളിൽ പ്രശ്നം ഉയര്‍ത്തുകയും ബന്ധപ്പെട്ട സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തി നടപടികള്‍ എടുപ്പിക്കണം എന്നുമാണ് ഇതു സംബന്ധിച്ച് പഠനം നടത്തുന്നൊരു ഗവേഷകന്‍ തുര്‍ക്കി വാര്‍ത്താചാനലായ ടിആർടി വേൾഡിനോട് സംസാരിച്ചത്. എന്നിരുന്നാലും പല പാശ്ചാത്യ സർക്കാരുകളും ഈ പ്രശ്നം അംഗീകരിക്കാൻ പോലും വിമുഖത കാണിക്കുന്നു.

അതേസമയം ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ ഇസ്‌ലാമോഫോബിയക്കെതിരെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദം ചെലുത്തണമെന്നാണ് ജോർജ്ടൗൺ സർവകലാശാലയുടെ ദി ബ്രിഡ്ജ് ഇനിഷ്യേറ്റീവിലെ മുതിർന്ന ഗവേഷകനായ ഫരീദ് ഹാഫിസ് വ്യക്തമാക്കുന്നത്. ഇസ്‌ലാമോഫോബിയയ്ക്കെതിരായ പോരാട്ടം അടുത്തെങ്ങും അവസാനിക്കില്ലെന്നും നീണ്ട കാലത്തേക്ക് തന്നെ തുടരേണ്ടി വരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News