ബാങ്ക് കൊള്ളയടിക്കാൻ നിർമിച്ച തുരങ്കം ഇടിഞ്ഞ് മോഷ്ടാക്കൾ മണ്ണിനടിയിൽപ്പെട്ടു; 8 മണിക്കൂറിന് ശേഷം അഗ്നിശമനസേന രക്ഷപ്പെടുത്തി
രക്ഷപ്പെട്ട മറ്റൊരു മോഷ്ടാവാണ് അഗ്നിശമനസേനയെ വിളിച്ച് അപകടം നടന്ന കാര്യം അറിയിച്ചത്
റോം: ബാങ്ക് കൊള്ളയടിക്കാൻ വേണ്ടി കുഴിച്ച തുരങ്കം ഇടിഞ്ഞുവീണ് മോഷ്ടാക്കൾ മണ്ണിനടിയിൽ കുടുങ്ങി. ഒടുവിൽ അഗ്നിശമന സേനയെത്തി മോഷ്ടാക്കളെ രക്ഷപ്പെടുത്തി. വത്തിക്കാനിന് സമീപം വയാ ഇന്നസെൻസോ ഇലവനിലെ റോഡിലാണ് സംഭവം. ആറ് മീറ്റർ ആഴത്തിലുള്ള കുഴിയിൽ വീണവരെ അഗ്‌നിശമന സേനാംഗങ്ങൾ എട്ട് മണിക്കൂർ പരിശ്രമിച്ചാണ് പുറത്തെടുത്തതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് തുരങ്കം തകർന്നുവീണത്. ഇതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരു മോഷ്ടാവാണ് അഗ്നിശമനസേനയെ വിളിച്ച് അപകടം നടന്ന കാര്യം അറിയിച്ചത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണവും ഓക്‌സിജൻ സിലിണ്ടറും ലഭ്യമാക്കിയിരുന്നു. വാർത്ത പുറത്ത് വന്നതോടെ വലിയൊരു ജനക്കൂട്ടം തന്നെ രക്ഷാപ്രവർത്തനം കാണാൻ തടിച്ചുകൂടിയിരുന്നു. മോഷ്ടാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ സാരമായ പരിക്കുകൾ ശരീരത്തിലുണ്ടായിരുന്നു. എന്നാൽ ഇവ ജീവന് ഭീഷണിയുണ്ടാക്കുന്നതല്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മോഷ്ടാക്കളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടച്ചിട്ടിരിക്കുന്ന ഒരു കടയുടെ അടിയിലായിരുന്നു തുരങ്കം നിർമിച്ചിരുന്നത്. പ്രാദേശിക ബാങ്കിന്റെ നിലവറയിലേക്ക് കടക്കുന്ന രീതിയിലാണ് അവർ തുരങ്കം നിർമിച്ചിരുന്നത്. ക്രിസ്മസിനോട് താരതമ്യപ്പെടുത്താവുന്ന ഇറ്റാലിയൻ ഉത്സവമായ ഫെറാഗോസ്റ്റോയിൽ മോഷണം നടത്താനുള്ള രീതിയിലാണ് ഇവർ തുരങ്കമുണ്ടാക്കിക്കൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.