മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ പൊലീസ് നായ ഓടിച്ചിട്ട് കടിച്ചു; പൊലീസിനെതിരെ യുവാവ് കോടതിയിൽ
ഈസ്റ്റ് യോക്ക്‌ഷെയറിലെ ഹള്ളിൽ നിന്ന് മോഷ്ടിച്ച ബെനെലി 125സിസി ബൈക്കുമായി പോകുമ്പോളാണ് യുവാവിനെ പൊലീസ് നായ്ക്കൾ ആക്രമിച്ചത്
മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ പൊലീസ് നായ ഓടിച്ചിട്ട് കടിച്ചതിന് പൊലീസിനെതിരെ കേസുമായി യുവാവ്. യുകെ സ്വദേശിയായ 24കാരൻ സോണി സ്‌റ്റോ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സോണിയുടെ വയറ്റിൽ നായ കടിച്ച് പരിക്കേറ്റുവെന്നാണ് പരാതി.
ഓർച്ചർഡ് പാർക്കിൽ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഈസ്റ്റ് യോക്ക്‌ഷെയറിലെ ഹള്ളിൽ നിന്ന് മോഷ്ടിച്ച ബെനെലി 125സിസി ബൈക്കുമായി പോകുമ്പോളാണ് ഇയാളെ പൊലീസ് നായ്ക്കൾ ഓടിച്ചത്. ഈ ബൈക്കുമായി സ്‌റ്റോയും സുഹൃത്തും ഒരു റസ്റ്ററന്റിലെത്തിയിരുന്നു. ഇവിടെ വെച്ച് റസ്റ്ററന്റിലെത്തിയ ഒരാളുമായി തർക്കമുണ്ടാവുകയും ഇരുവരുമായുള്ള അടിപിടിയിൽ ഇയാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ സ്‌റ്റോയും സുഹൃത്ത് ഡേവിഡും അവിടെ നിന്ന് കടന്ന് കളഞ്ഞു. എന്നാൽ പൊലീസ് ഇവർക്ക് പിന്നാലെ കൂടി.
ഇതിനിടെ പൊലീസ് വണ്ടിയുമായി സ്റ്റോയുടെ വണ്ടി കൂട്ടിയിടിക്കുകയും ഇയാൾ വണ്ടിയിൽ നിന്ന് വീണ് കാലൊടിയുകയും ചെയ്തു. താഴെ വീണ് കിടന്ന സ്‌റ്റോയുടെ അടുത്തേക്കാണ് പൊലീസ് നായ്ക്കൾ പാഞ്ഞെത്തിയത്. ഇവയുടെ ആക്രമണത്തിൽ സ്റ്റോയുടെ വയറ്റിൽ സാരമായ മുറിവേൽക്കുകയും ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നാണ് സ്റ്റോ കോടതിയെ സമീപിച്ചത്. എന്നാൽ സ്‌റ്റോയുടെ ഭാഗത്ത് നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഹംബർസൈഡ് പൊലീസിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
എന്തായാലും മോഷണക്കേസിലും അശ്രദ്ധമായ ഡ്രൈവിംഗിനും സ്‌റ്റോയ്ക്ക് നാലര വർഷം കോടതി ജയിൽ ശിക്ഷ വിധിച്ചു. ഇയാൾക്ക് മൂന്ന് വർഷത്തേക്ക് വണ്ടിയോടിക്കുന്നതിനും വിലക്കുണ്ട്.