ഇതാണോ 'യെന്തിരൻ': ശ്വസിക്കും, വിയർക്കും.. പുതിയ റോബോട്ടിനെ വികസിപ്പിച്ച് അമേരിക്ക
ലോകത്തിന്റെ വിവിധയിടങ്ങളിൽ ചൂട് അസാധാരണമായി ഉയർന്നുവരികയാണ്. ഈ സാഹചര്യത്തിൽ മനുഷ്യരിൽ ചൂട് എത്രത്തോളം ആഘാതമുണ്ടാക്കുമെന്ന് പഠിക്കാനാണ് 'അഡ്വാൻസ്ഡ് ന്യൂട്ടൺ ഡൈനാമിക് ഇൻസ്ട്രുമെന്റ്' എന്ന റോബോട്ടിനെ വികസിപ്പിച്ചത്.
മനുഷ്യർ ചെയ്യുന്ന എല്ലാ കാര്യങ്ങളും അതുപോലെ ചെയ്യുന്ന യെന്തിരൻ സിനിമയിലെ ചിട്ടി റോബോട്ട് കുറച്ചൊന്നുമല്ല നമ്മെ അത്ഭുതപ്പെടുത്തിയത്. അത് സിനിമയാണെങ്കിൽ റിയൽ ലൈഫിൽ ചിട്ടിയെ മറികടക്കുന്ന ഒരു റോബോട്ടുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞർ. ഈ റോബോട്ടിന് ശ്വസിക്കാനാകും.. മാത്രമല്ല ചൂടെടുത്താൽ ഇത് വിയർക്കുകയും ചെയ്യും. വിശ്വസിക്കാൻ കഴിയുന്നില്ലേ!
ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർക്കുണ്ടായ ആശങ്കയിൽ നിന്നാണ് ഈ റോബോട്ടിന്റെ ജനനം. ലോകത്തിന്റെ വിവിധയിടങ്ങളിൽ ചൂട് അസാധാരണമായി ഉയർന്നുവരികയാണ്. ഈ സാഹചര്യത്തിൽ മനുഷ്യരിൽ ചൂട് എത്രത്തോളം ആഘാതമുണ്ടാക്കുമെന്ന് പഠിക്കാനാണ് 'അഡ്വാൻസ്ഡ് ന്യൂട്ടൺ ഡൈനാമിക് ഇൻസ്ട്രുമെന്റ്' (ANDI) എന്ന റോബോട്ടിനെ വികസിപ്പിച്ചത്.
ഒരു ലളിതമായ ക്രാഷ് ടെസ്റ്റ് ഡമ്മിയോട് സാമ്യമുണ്ടെങ്കിലും ശ്വസിക്കാനും വിറയ്ക്കാനും വിയർക്കാനുമുള്ള കഴിവാണ് റോബോട്ടിനെ വ്യത്യസ്തമാക്കുന്നത്. യുഎസിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിർമാതാക്കൾ. ഒരു മനുഷ്യന് താപാഘാതം ഉണ്ടാകുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്നും ചൂട് വര്ധിച്ചുവരുന്നയിടത്ത് എങ്ങനെ സ്വയം പരിരക്ഷിക്കാമെന്നും മനസ്സിലാക്കാനാണ് റോബോട്ടിനെ ഉപയോഗിക്കുക.
ഈ വർഷം മെയിലാണ് റോബോട്ടിനെക്കുറിച്ച് ഒരു പ്രസ് റിലീസ് അരിസോണ യൂണിവേഴ്‌സിറ്റി പുറത്തുവിട്ടത്. ഈ റോബോട്ടിന് മനുഷ്യശരീരത്തിന്റെ താപ പ്രവർത്തനങ്ങളെ അനുകരിക്കാൻ കഴിയും. കൂടാതെ 35 വ്യത്യസ്ത ഉപരിതല മേഖലകളുമുണ്ട്, അവയെല്ലാം താപനില സെൻസറുകൾ, ഹീറ്റ് ഫ്ലക്സ് സെൻസറുകൾ, ബീഡ് വിയർക്കുന്ന സുഷിരങ്ങൾ എന്നിവ ഉപയോഗിച്ച് വ്യക്തിഗതമായി നിയന്ത്രിക്കപ്പെടുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ലോകത്തിലെ ആദ്യത്തെ ഔട്ട്ഡോർ തെർമൽ മാനെക്വിൻ റോബോട്ടാണിത്. പതിവായി റോബോട്ടിനെ പുറത്തേക്ക് കൊണ്ടുപോകാനും പരിസ്ഥിതിയിൽ നിന്ന് എത്ര ചൂട് മനുഷ്യർക്ക് ലഭിക്കുന്നുണ്ടെന്ന് അളക്കാനും കഴിയും.; മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസർ കോൺറാഡ് റൈകാസെവ്സ്കി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
അപ്രതീക്ഷിതമായ കാലാവസ്ഥയോട് ഒരു മനുഷ്യൻ എങ്ങനെ പ്രതികരിക്കുന്നുവെന്ന് പരീക്ഷണാത്മകമായി അളക്കുന്നതിനുള്ള വളരെ റിയലിസ്റ്റിക് ആയുള്ള മാർഗമാണ് റോബോട്ടെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ഒരു ഡസനോളം മാനെക്വിനുകൾ നിലവിലുണ്ടായിരുന്നെങ്കിലും അവയെ ഒന്നും പുറത്തേക്ക് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല.
അരിസോണയുടെ തലസ്ഥാനമായ ഫീനിക്സ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്‌ണതരംഗമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച, തുടർച്ചയായ 22-ാം ദിവസവും താപനില 110.43 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. മനുഷ്യരെ അപകടകരമായ കൊടും ചൂടുള്ള സാഹചര്യങ്ങളിൽ നിർത്തി എന്തുസംഭവിക്കുമെന്ന് പരീക്ഷിക്കാൻ കഴിയില്ല. താഴ്‌വരയിൽ ആളുകൾ ചൂട് കാരണം മരിക്കുന്ന സാഹചര്യങ്ങളുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല. അത് മനസിലാക്കാൻ ANDI ഞങ്ങളെ സഹായിക്കുമെന്ന് സ്‌കൂൾ ഓഫ് സസ്റ്റൈനബിലിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ജെന്നി വാനോസ് പറഞ്ഞു.
സൂര്യനിൽ നിന്നുള്ള സൗരവികിരണം, ഭൂമിയിൽ നിന്നുള്ള ഇൻഫ്രാറെഡ് വികിരണം, ചുറ്റുമുള്ള വായുവിൽ നിന്നുള്ള സംവഹനം എന്നിങ്ങനെ വിവിധ സാഹചര്യങ്ങളിൽ റോബോട്ടിനെ സഹായിക്കാൻ ആന്തരിക കൂളിംഗ് ചാനലുകളും ഘടിപ്പിച്ചിട്ടുണ്ട്.