റോഹിങ്ക്യന്‍ നേതാവ് മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവെച്ചുകൊന്നു
അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്
റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ നേതാവ് മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവെച്ചുകൊന്നു. ബംഗ്ലാദേശിലെ ഉഖിയയിലെ അഭയാർഥി ക്യാമ്പിലാണ് അജ്ഞാതരുടെ വെടിയേറ്റ് മുഹിബ്ബുല്ല മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
ഇന്നലെ രാത്രി 8:30ഓടെയാണ് ആക്രമണമുണ്ടായത്. രാത്രി നമസ്കാരത്തിന് ശേഷം കുതുപലോങ്ങിലെ ഓഫീസിന് പുറത്ത് അഭയാർഥി നേതാക്കളുമായി സംസാരിക്കവെയാണ് നാലംഗ സംഘം മുഹിബുല്ലക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റപ്പോള്‍ ആദ്യം മുഹിബ്ബുല്ലയെ പ്രദേശത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ പിന്നീട് കോക്സ് ബസാർ സദർ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
റോഹിങ്ക്യൻ അഭയാർഥികൾക്കായി ശബ്ദമുയര്‍ത്തുന്ന പ്രമുഖ സംഘടനകളിലൊന്നായ അരകൻ റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സിന്‍റെ (എആര്‍എസ്പിഎച്ച്) ചെയർമാനായിരുന്നു മുഹിബുല്ല. അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ യോഗങ്ങളില്‍ അഭയാര്‍ഥികളുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ൽ വൈറ്റ്ഹൌസ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി. മ്യാൻമറിൽ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ നേരിടുന്ന പീഡനങ്ങള്‍ വിശദീകരിച്ചു.
കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. അരകൻ റോഹിങ്ക്യ സാൽവേഷൻ ആർമിയാണ് മുഹിബുല്ലയെ വധിച്ചതെന്ന് റോഹിങ്ക്യൻ നേതാവ് എ.എഫ്.പിയോട് പറഞ്ഞു. മുഹിബുല്ലയുടെ വധത്തിന് പിന്നാലെ ബംഗ്ലാദേശിലെ 34 റോഹിങ്ക്യൻ ക്യാമ്പുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് വക്താവ് റഫീഖുൽ ഇസ്‍ലാം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി കേന്ദ്രമായ കുതുപലോംഗ് ക്യാമ്പിനുള്ളിലെ എആര്‍എസ്പിഎച്ച് ഓഫീസില്‍ റോഹിങ്ക്യൻ നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. 7,40,000 അഭയാർഥികളാണ് ഈ ക്യാമ്പിൽ കഴിയുന്നത്.