നാല് യുക്രൈൻ പ്രദേശങ്ങളെ റഷ്യയോട് ചേർത്തു; പ്രഖ്യാപനം നടത്തി പുടിൻ

ഈ നാലിടങ്ങളിലും 23ന് തുടങ്ങിയ ഹിതപരിശോധന കഴിഞ്ഞദിവസമാണ് പൂർത്തിയായത്. റഷ്യൻ അനുകൂല ഭരണകൂടമാണ് ഹിതപരിശോധന നടത്തിയത്.

Update: 2022-09-30 13:30 GMT
Advertising

മോസ്‌കോ: യുക്രൈനുമായുള്ള ഏഴു മാസത്തെ സംഘർഷത്തിനിടെ നാല് പുതിയ പ്രദേശങ്ങളെ തങ്ങളുടെ രാജ്യത്തോട് ചേർത്ത് റഷ്യ. ക്രെംലിനിൽ നടത്തിയ പ്രസംഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് കൂട്ടിച്ചേർക്കൽ പ്രഖ്യാപനം നടത്തിയത്. ക്രെംലിനിലെ സെന്റ് ജോർജ് ഹാളിൽ നടന്ന കൂട്ടിച്ചേർക്കൽ ചടങ്ങിൽ പുടിനും നാല് പ്രദേശങ്ങളുടെ തലവന്മാരും റഷ്യയിൽ ചേരുന്നതിനുള്ള ഉടമ്പടികളിൽ ഒപ്പുവച്ചു.

കിഴക്കൻ യുക്രൈനിലെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക്, ദക്ഷിണ പ്രദേശങ്ങളായ സാപൊറീഷ്യ, കേഴ്‌സൺ എന്നീ പ്രവിശ്യകളെയാണ് ഇന്ന് റഷ്യ രാജ്യത്തോട് ചേർത്തത്. യുക്രൈനിലെ അധിനിവേശ പ്രദേശങ്ങളിൽ ഹിതപരിശോധന നടത്തിയതിന് ശേഷമാണ് റഷ്യ കൂട്ടിച്ചേർക്കൽ പ്രഖ്യാപിച്ചത്. ഈ നാലിടങ്ങളിലും 23ന് തുടങ്ങിയ ഹിതപരിശോധന കഴിഞ്ഞദിവസമാണ് പൂർത്തിയായത്. റഷ്യൻ അനുകൂല ഭരണകൂടമാണ് ഹിതപരിശോധന നടത്തിയത്.

തന്റെ രാജ്യം ഒരിക്കലും അധിനിവേശ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ലെന്നും പരമാധികാര പ്രദേശത്തിന്റെ ഭാഗമായി അവയെ സംരക്ഷിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. പോരാട്ടം അവസാനിപ്പിക്കാൻ ചർച്ചകൾക്കായി ഇരിക്കാൻ പുടിൻ യുക്രൈനോട് ആവശ്യപ്പെട്ടു. എന്നാൽ ഈ നാലു മേഖലകളുടെ നിയന്ത്രണം റഷ്യ ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും പുടിൻ വ്യക്തമാക്കി.

യുക്രൈൻ ഭരണകൂടത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇന്നത്തെ കൂട്ടിച്ചേർക്കൽ നടപടിക്രമങ്ങൾ. ഏഴ് മാസത്തെ സംഘർഷത്തിന്റെ മൂർച്ച കൂട്ടുന്നതാണ് റഷ്യയുടെ ഈ നടപടി. ഹിതപരിശോധനാ ഫലം റഷ്യ മുൻകൂട്ടി തയ്യാറാക്കിയതെന്ന് യുക്രൈൻ ആരോപിക്കുന്നു. റഷ്യൻ സഖ്യകക്ഷികളായ സെർബിയ, കസാഖിസ്ഥാൻ എന്നിവയൊന്നും പുതിയ ഹിതപരിശോധന അംഗീകരിക്കുന്നില്ല.

2014 ൽ യുക്രൈന്റെ ഭാഗമായ ക്രൈമിയയെ റഷ്യ രാജ്യത്തോട് ചേർത്തിരുന്നു. എന്നാൽ അന്ന് 97 ശതമാനം ജനങ്ങളും റഷ്യയിൽ ചേരുന്നതിനെ അനുകൂലിക്കുകയായിരുന്നു.

യുക്രൈനിലെ നാല് പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രഖ്യാപനം നടക്കുന്നതിന് തൊട്ടുമുമ്പ് യുക്രൈനിലെ തെക്കൻ സപോരിജിയ മേഖലയിൽ സിവിലിയൻ കാറുകളുടെ വാഹനവ്യൂഹത്തിന് നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു.

കൂടാതെ, 28 പേർക്ക് പരിക്കേറ്റതായും സപോരിജിയ റീജിയണൽ ഗവർണർ ഒലെക്‌സാണ്ടർ സ്റ്റാറൂഖ് പറഞ്ഞു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സാധാരക്കാരും പ്രദേശവാസികളുമാണെന്നും റഷ്യയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News