മരിയുപോൾ പിടിച്ചെടുത്തെന്ന് റഷ്യ; കീഴടങ്ങാതെ യുക്രൈന്‍ സൈന്യം
റഷ്യ മരിയുപോളിൽ നടത്തുന്ന ആക്രമണങ്ങൾ മനുഷത്വരഹിതമാണെന്ന് യുക്രൈൻ പ്രസിഡന്റ്
കിയവ്: റഷ്യ-യുക്രൈൻ യുദ്ധം എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈൻ നഗരമായ മരിയുപോൾ പൂർണമായും പിടിച്ചെടുത്തെന്നാണ് റഷ്യയുടെ അവകാശവാദം. എന്നാൽ കീഴടങ്ങണമെന്ന റഷ്യൻ മുന്നറിയിപ്പ് അവഗണിച്ച യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് തുടരുകയാണ്.
കിഴക്കൻ തുറമുഖ നഗരമായ മരിയുപോളിലെ യുക്രൈൻ സേനയോട് ഞായറാഴ്ചക്കകം കീഴടങ്ങണമെന്നായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്. കീഴടങ്ങാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് തുടരുകയാണ്. എന്നാൽ മരിയുപോൾ പൂർണമായും നിയന്ത്രണത്തിലായി കഴിഞ്ഞെന്നാണ് റഷ്യയുടെ വാദം. റഷ്യ മരിയുപോളിൽ നടത്തുന്ന ആക്രമണങ്ങൾ മനുഷത്വരഹിതമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി പറഞ്ഞു. യുക്രൈൻ സൈനികരെ ആക്രമിച്ചാൽ സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്നും സെലൻസ്കി വ്യക്തമാക്കി.
ഈസ്റ്റർ ദിനത്തിലും കിയവിലും കാര്‍ഖിവിലും റഷ്യ ശക്തമായ വ്യോമാക്രണമാണ് നടത്തിയത്. കാര്‍ഖിവില്‍ 5 പേർ കൊല്ലപ്പെട്ടതായും 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചെറുത്തുനിൽപ്പിനായി പടിഞ്ഞാറൻ രാഷ്ട്രങ്ങളോട് യുക്രൈൻ കൂടുതൽ ആയുധ സഹായം ആവശ്യപ്പെട്ടു. യുക്രൈനുള്ള യുഎസ് സൈനിക സഹായങ്ങൾ എത്തിതുടങ്ങിയതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. അതിനിടെ യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍റെ സാമ്പത്തിക സ്ഥിരതയും രാജ്യത്തിന്റെ പുനർനിർമാണവും ചർച്ചയായതായി സെലൻസ്കി പറഞ്ഞു.
Summary- Russia claimed to have taken over Mariupol, the port city on the Sea of Azov in southeastern Ukraine. Mariupol has seen the worst fighting of the seven week long war.