കിഴക്കൻ യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ; ഡോൺബാസിലും കർകീവിലും മിസൈലാക്രമണം

യു.എൻ സെക്രട്ടറി ജനറൽ അന്റണിയോ ഗുട്ടറസ് യുക്രൈനിലെത്തിയതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്

Update: 2022-04-29 01:47 GMT
Editor : Lissy P | By : Web Desk
Advertising

യുക്രൈൻ: യു.എൻ സെക്രട്ടറി ജനറൽ അന്റണിയോ ഗുട്ടറസിന്റെ യുക്രൈൻ സന്ദർശനത്തിന് പിന്നാലെ കിഴക്കൻ യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. ഡോൺബാസ്, കർകീവ് മേഖലകളിൽ റഷ്യ കനത്ത മിസൈലാക്രമണമാണ് നടത്തിയത്. അതിനിടെ യുക്രൈനായി കൂടുതൽ സഹായം ലഭ്യമാക്കാൻ പ്രസിഡന്റ് ബൈഡൻ യു.എസ് കോൺഗ്രസിൽ ആവശ്യപ്പെട്ടു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് യുക്രൈനിൽ എത്തിയത്. യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കിയുമായും ഗുട്ടറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ സേന കനത്ത ആക്രമണങ്ങൾ നടത്തിയ പ്രദേശങ്ങൾ ഗുട്ടറസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.പിന്നാലെയാണ് കിഴക്കൻ യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയത്.

ഡോൺബാസിലും ഡോണെറ്റ്‌സ്‌ക് കർകീവ് എന്നിവിടങ്ങളിൽ തുടർച്ചയായി വ്യോമാക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനയായ കിയവിന് നേരെയും ആക്രമണമുണ്ടായി.

യുക്രൈന് ആയുധ സഹായം നൽകുന്നതിൽ അമേരിക്കക്കും നാറ്റോയ്ക്കും റഷ്യ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ യുക്രൈന് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. 33 ബില്യൺ ഡോളർ അധിക സഹായം നൽകണമെന്ന് ബൈഡൻ യു.എസ് കോൺഗ്രസിൽ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളും സഹായം നൽകാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ പിന്തുണയ്ക്കും സഹായങ്ങൾക്കും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി നന്ദി അറിയിച്ചു. നാറ്റോ രാജ്യങ്ങളെ ഇന്ധനവിതരണം മറയാക്കി റഷ്യ ഭീഷണിപ്പെടുത്തുകയാണെന്നും സെലൻസ്‌കി തുറന്നടിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News