തിരിച്ചടി; ഫേസ്ബുക്കിന് നിയന്ത്രണമേർപ്പെടുത്തി റഷ്യ

വാട്‌സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയ്ക്കും നിയന്ത്രണമുണ്ട്

Update: 2022-02-26 04:33 GMT
Editor : Shaheer | By : Web Desk
Advertising

റഷ്യയിൽ യുദ്ധവിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് നിയന്ത്രണമേർപ്പെടുത്തുന്നതായി ആരോപിച്ചാണ് നടപടി. വാട്‌സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം അടക്കമുള്ള മറ്റ് സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

റഷ്യൻ പൗരന്മാരുടെ മൗലിക മനുഷ്യാവകാശ, സ്വാതന്ത്ര്യാവകാശങ്ങൾ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ലംഘിച്ചെന്ന് റഷ്യൻവൃത്തങ്ങൾ പറഞ്ഞു. നടപടിയോട് മെറ്റ പ്രതികരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സ്വതന്ത്ര വസ്തുതാ പരിശോധന നിർത്തിവയ്ക്കാൻ റഷ്യ തങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി കൂടിയായ മെറ്റ ആഗോളകാര്യ വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് വെളിപ്പെടുത്തി. റഷ്യൻ നിയന്ത്രണത്തിലുള്ള നാല് വാർത്താ മാധ്യമങ്ങളിലെ ഉള്ളടകങ്ങൾക്കൊപ്പം അവയ്ക്ക് ഭരണകൂടവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നത് നിർത്തണമെന്നും ആവശ്യമുണ്ടായിരുന്നതായി നിക്ക് സൂചിപ്പിച്ചു.

റഷ്യയിൽ യുദ്ധവിരുദ്ധ വികാരം ശക്തം

യുക്രൈനിലേക്ക് കൂടുതൽ റഷ്യൻ സൈന്യം ഇരച്ചുകയറവേ യുദ്ധത്തിനെതിരെ റഷ്യയിൽ പ്രതിഷേധം. യുദ്ധം വേണ്ടെന്ന മുദ്രാവാക്യവുമായി സെൻറ് പീറ്റേഴ്സ്ബർഗിലെ പ്രധാന തെരുവായ നെവ്സ്‌കി പ്രോസ്‌പെക്ടിലും മോസ്‌കോയിലും ആയിരങ്ങൾ ഒത്തുചേർന്നു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച 1,400ലധികം പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

റഷ്യ യുദ്ധത്തിന് എതിരാണ്, യുക്രൈൻ ഞങ്ങളുടെ ശത്രുവല്ല, കൊലയാളി പുടിൻ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. ''എനിക്ക് വാക്കുകളില്ല, അസ്വസ്ഥത തോന്നുന്നു. എന്തുപറയാനാണ്? ഞങ്ങൾ അശക്തരാണ്. വേദന തോന്നുന്നു'- എന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു പെൺകുട്ടി പ്രതികരിച്ചത്. യുക്രൈൻ പതാകയുടെ നിറത്തിലുള്ള ബലൂണുകളുമായാണ് ഒരു സ്ത്രീ പ്രതിഷേധത്തിനെത്തിയത്. 'ഇന്ന് രാവിലെ ഞാൻ ലജ്ജിച്ചു തലതാഴ്ത്തി. അതുകൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതിയല്ല' എന്നായിരുന്നു ഒരു യുവാവിൻറെ പ്രതികരണം.

ഇത് അനധികൃതമായ പ്രതിഷേധമാണെന്നും പങ്കെടുക്കുന്നവർ അറസ്റ്റും തുടർ നടപടികളും നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് വകവയ്ക്കാതെ ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു. പ്രതിഷേധത്തെ നേരിടാൻ എല്ലാ സന്നാഹങ്ങളോടെയും പൊലീസ് അണിനിരന്നു. ആയിരക്കണക്കിനുപേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

യുക്രൈനിലെ റഷ്യൻ നടപടിയെ അപലപിച്ച് മാധ്യമപ്രവർത്തകർ നിവേദനത്തിൽ ഒപ്പുവെച്ചു. യുദ്ധത്തെ അനുകൂലിക്കരുതെന്ന് മോസ്‌കോ, സെൻറ് പീറ്റേഴ്‌സ്ബർഗ്, സമാറ തുടങ്ങിയ നഗരങ്ങളിലെ മുനിസിപ്പൽ ഡപ്യൂട്ടിമാർ ജനങ്ങൾക്ക് തുറന്ന കത്തെഴുതി- 'ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ഞങ്ങൾ, യുക്രൈനെതിരായ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തെ നിരുപാധികം അപലപിക്കുന്നു. ഇത് സമാനതകളില്ലാത്ത ഒരു ക്രൂരതയാണ്. ന്യായീകരിക്കാനാവില്ല'- എന്നാണ് കത്തിൽ പറയുന്നത്.

Summary: Russia restricts access to Facebook. The move is in response to limits placed by the social network on state media content.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News