സൈനിക നടപടി കുറയ്ക്കാമെന്ന് റഷ്യ, നിഷ്പക്ഷ നിലപാട് തുടരാമെന്ന് യുക്രൈനും; സമാധാന ചർച്ചയില്‍ നിര്‍ണായക പുരോഗതി
നാറ്റോ പോലെയുള്ള സൈനിക സഖ്യത്തില്‍ യുക്രൈന്‍ ചേരില്ലെന്നും, സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കില്ലെന്നുമടക്കമുള്ള കാര്യങ്ങളാണ് യുക്രൈന്‍ തിരിച്ച് ഉറപ്പ് നല്‍കിയത്
ഇസ്താംപൂൾ: തുര്‍ക്കിയില്‍ ആരംഭിച്ച യുക്രൈന്‍ - റഷ്യ സമാധാന ചര്‍ച്ചയില്‍ നിര്‍ണായക പുരോഗതി . തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗന്‍റെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ആദ്യഘട്ട പ്രതീക്ഷാ സൂചനകള്‍ പുറത്തുവന്നു. കിയവിലും ചെര്‍ണിഹീവിലും സൈനിക നടപടി കുറക്കുമെന്ന് റഷ്യ അറിയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കിയവിലെ എര്‍പ്പിന്‍ നഗരം തിരിച്ചുപിടിച്ചെന്ന് യുക്രൈന്‍ അറിയിച്ചു.
തുർക്കിയിലെ ഇസ്താംബൂളിൽ ആണ് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. ചർച്ചയിലൂടെ വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞിരുന്നു. രണ്ടാഴ്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ചകൾ നടക്കുന്നത്.
യുക്രൈന്‍ തലസ്ഥാനമായ കിയവിലെയും ചെര്‍ണിഹീവിലെയും ആക്രമണങ്ങള്‍ കുറയ്ക്കാമെന്ന് റഷ്യന്‍ ഉപ പ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ പറഞ്ഞു. അതുപോലെ തന്നെ റഷ്യ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ നാറ്റോ വിഷയത്തില്‍ നിഷ്പക്ഷത പാലിക്കാമെന്ന ആവശ്യം യുക്രൈനും അംഗീകരിച്ചു.
നാറ്റോ പോലെയുള്ള സൈനിക സഖ്യത്തില്‍ യുക്രൈന്‍ ചേരില്ലെന്നും, സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കില്ലെന്നുമടക്കമുള്ള കാര്യങ്ങളാണ് യുക്രൈന്‍ ഉറപ്പ് നല്‍കിയ നിഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. റഷ്യ സൈനിക നടപടികള്‍ കുറച്ചുകൊണ്ടുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കിയതിന് പകരമായാണ് യുക്രൈന്‍ തിരിച്ചും നിലപാട് വ്യക്തമായത്. സുരക്ഷാ വിഷയത്തില്‍ പോളണ്ട്, ഇസ്രയേല്‍, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങളാകും ജാമ്യം നില്‍ക്കുക.
പരസ്പരം അഭിവാദ്യം പോലും അർപ്പിക്കാതെയായിരുന്നു റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ തുർക്കിയില്‍ ആരംഭിച്ചത്. അതുകൊണ്ട് തന്നെ ചർച്ച ആരംഭിക്കുമ്പോള്‍ നയനന്ത്ര വിദഗ്ധര്‍ പോലും വലിയ പ്രതീക്ഷ വെച്ചിരുന്നില്ല. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി കാര്യങ്ങള്‍ പുരോഗതിയിലക്ക് നീങ്ങുകയായിരുന്നു. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്ലു വ്യക്തമാക്കി.
അതേസമയം ഇരു രാജ്യങ്ങളും തമ്മില്‍ സംഘർഷം തുടരുന്നതിൽ അഗാധമായ ദുഖമുണ്ടെന്ന് തുര്‍ക്കി പ്രസിഡന്‍റ് എർദോഗൻ പറഞ്ഞു. ഇരു രാജ്യങ്ങളുമായും സൗഹൃദം പങ്കിടുന്ന രാജ്യമായതിനാൽ സമാധാന ചർച്ചകളിൽ മധ്യസ്ഥ വഹിക്കാനുള്ള കടമ തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തം തടയുക എന്നത് ഇരു കൂട്ടരുടെയും കൈകളിലാണെന്നും എർദോഗൻ കൂട്ടിച്ചേർത്തു. റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ നേരത്തെ എർദോഗൻ എതിർത്തിരുന്നു