താലിബാനെ പങ്കെടുപ്പിക്കുന്നതില്‍ അഭിപ്രായ ഭിന്നത: സാര്‍ക് സമ്മേളനം റദ്ദാക്കി

യുഎൻ പൊതുസഭയിൽ സംസാരിക്കാന്‍ അവസരം നൽകണമെന്ന് താലിബാൻ

Update: 2021-09-22 07:19 GMT
Advertising

ന്യൂയോർക്കിൽ ചേരാനിരുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർകിന്‍റെ സമ്മേളനം റദ്ദാക്കി. താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണമാണ് സമ്മേളനം റദ്ദാക്കിയത്. 

ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ച് സാർക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരാനായിരുന്നു തീരുമാനം. പക്ഷേ സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിനിധാനം ചെയ്ത് താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉയർന്നു. അഫ്ഗാനിസ്ഥാനും സാർകിലെ അംഗരാജ്യമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ താലിബാനെ എതിർത്തതോടെയാണ് സാർക് സമ്മേളനം തന്നെ മാറ്റിവെക്കാൻ തീരുമാനിച്ചത്.

അതേസമയം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധാനം ചെയ്ത് സംസാരിക്കാൻ തങ്ങളെ അനുവദിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. താലിബാൻ വക്താവ് സുഹൈൽ ശഹീനിനെ അഫ്ഗാനിസ്ഥാന്റെ യുഎൻ അംബാസഡറായി നാമനിർദേശം ചെയ്തു. അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി ആമിർഖാൻ മുത്തഖിയാണ് ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചത്.

ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്. ഇന്ത്യ, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ പാകിസ്താന്‍ ഇതിനോട് യോജിച്ചില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവച്ചതെന്ന് സാര്‍ക് സെക്രട്ടേറിയറ്റ് പ്രതികരിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News