സദാം ഹുസൈന്‍റെ പ്രശസ്തമായ ഗോള്‍ഡന്‍ എകെ-47 പ്രദര്‍ശനത്തിന് വെച്ച് ബ്രിട്ടന്‍
2003 ഇറാഖ് അധിനിവേശ സമയത്ത് രാജകൊട്ടാരങ്ങളില്‍ നിന്ന് നിരവധി സ്വര്‍ണ തോക്കുകള്‍ കണ്ടെത്തിയതായി മ്യൂസിയം വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു
ലണ്ടന്‍: ഇറാഖ് മുന്‍ പ്രസിഡന്‍റ് സദാം ഹുസൈന്‍റെ പ്രശസ്തമായ ഗോള്‍ഡന്‍ എകെ-47 ഇതാദ്യമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിന് വച്ചു. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ലീഡ്സിലുള്ള റോയല്‍ ആര്‍മറീസ് മ്യൂസിയത്തില്‍ ഡിസംബര്‍ 16 മുതല്‍ 2024 മെയ് 31 വരെ നടക്കുന്ന റീ-ലോഡഡ് എക്സിബിഷനിലാണ് ഈ തോക്ക് പ്രദര്‍ശിപ്പിക്കുന്നത്. 2003-ല്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണതോക്കും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറും ആറ് ബയണറ്റുകളും ഒരു സ്നൈപ്പര്‍ റൈഫിളും യുകെ കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
2003 ഇറാഖ് അധിനിവേശ സമയത്ത് രാജകൊട്ടാരങ്ങളില്‍ നിന്ന് നിരവധി സ്വര്‍ണ തോക്കുകള്‍ കണ്ടെത്തിയതായി മ്യൂസിയം വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തന്റെ സ്വാധീനം പ്രകടിപ്പിക്കാന്‍ സദ്ദാം ഹുസൈന്‍ ഇത്തരം സ്വര്‍ണ്ണതോക്കുകള്‍ സമ്മാനമായി നല്‍കുന്നത് പതിവായിരുന്നത്രേ.
അറബ് രാജ്യങ്ങളില്‍ 'വാസ്ത' എന്നാണ് ഈ തോക്കുകള്‍ അറിയപ്പെടുന്നത്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നത് പ്രധാനമായും രാജാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍, ഉന്നത ജനറലുകള്‍, നയതന്ത്രജ്ഞര്‍, ലോകത്തിലെ ഏറ്റവും സമ്പന്നരായ ചില വ്യക്തികള്‍ എന്നിവര്‍ക്കായിരുന്നു. പ്രദര്‍ശനത്തില്‍ വജ്രം പതിച്ച സ്മിത്ത് വെസണ്‍ റിവോള്‍വറും ഉള്‍പ്പെടുന്നു.
കാഴ്ചയില്‍ ശ്രദ്ധേയമായ അപൂര്‍വ ആയുധങ്ങള്‍ എന്നാണ് മ്യൂസിയം ഡയറക്ടര്‍ നാറ്റ് എഡ്വേര്‍ഡ് ഈ വസ്തുക്കളെ വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് സദാം സുഹൈന്റെ പേരിലുള്ള ഒരു ആയുധ പൊതുപ്രദര്‍ശനം നടത്തുന്നത്. പ്രദര്‍ശനത്തില്‍ സദാം ഹുസൈന്റെ തോക്കിന് പുറമേ സുരക്ഷാ സേനയില്‍ നിന്നുള്ള ആയുധങ്ങളും ഡീകമ്മീഷന്‍ ചെയ്ത രണ്ട് എകെ-47 റൈഫിളുകളും ഉള്‍പ്പെടെയുള്ള മറ്റ് ആയുധങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത് ആക്രമണങ്ങളെയോ ആയുധങ്ങളെയോ മഹത്വവല്‍ക്കരിക്കാന്‍ അല്ലെന്ന് ആര്‍മറികളുടെ ഡയറക്ടര്‍ ജനറലും മാസ്റ്ററുമായ നാറ്റ് എഡ്വേര്‍ഡ്‌സ് പറഞ്ഞു. തോക്കിനെ മഹത്വവത്കരിക്കാനല്ല, മറിച്ച് അവയുടെ സാംസ്‌കാരിക പ്രാധാന്യവും അവയുടെ ശക്തിയും ഉയര്‍ത്തിക്കാട്ടാനാണ് പ്രദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.
2006 ഡിസംബര്‍ 30ന് പുലര്‍ച്ചെ ബലി പെരുന്നാളിന് തലേ ദിവസമായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്. അമേരിക്കയുടെയും ഇടക്കാല സര്‍ക്കാറിന്റെയും തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സദ്ദാമിനെ 2003 ഡിസംബര്‍ 13ന് ഒളിത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന പിടികൂടിയത്. 1982 ല്‍ ശിയാ മേഖലയില്‍ കൂട്ടക്കൊലക്ക് ഉത്തരവിട്ടു എന്നതായിരുന്നു സദ്ദാമിനെതിരായ കുറ്റം.