സഹാറാ മരുഭൂമിയിൽ പ്രളയം! അരനൂറ്റാണ്ടിനിടെ ആദ്യം, അപൂർവകാഴ്ചകൾ കാണാം

ലോകത്തെ ഏറ്റവും വലിയ ഉഷ്ണമരുഭൂമിയാണ് സഹാറ

Update: 2024-10-16 11:46 GMT
Editor : Shaheer | By : Web Desk
Advertising

റബാത്ത്: വരണ്ടുണങ്ങി, ജലത്തിന്റെ ഒരു കണിക പോലുമില്ലാതെ, അറ്റമില്ലാതെ പരന്നുകിടക്കുന്ന മരുപ്രദേശം.. മരുഭൂമി എന്നു കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിത്രം ഇങ്ങനെയാകില്ലേ..! എന്നാൽ, വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു മരുഭൂമിയുടെ കാഴ്ച എപ്പോഴെങ്കിലും സങ്കൽപിച്ചുനോക്കിയിട്ടുണ്ടോ? എന്തൊരു കൗതുകദൃശ്യമായിരിക്കും അത്!

അത്തരമൊരു മഹാവിസ്മയത്തിനിപ്പോൾ സാക്ഷിയാകുകയാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. കനത്ത മഴയിൽ വെള്ളത്തിനടിയിലായിരിക്കുകയാണ് സഹാറ. അരനൂറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു പ്രളയത്തിന് വരണ്ടുണങ്ങിയ മരുഭൂമി സാക്ഷിയായത്. ദക്ഷിണ കിഴക്കൻ മൊറോക്കോയിലെ സഹാറാ മരുഭൂമിയിൽ, ഈത്തപ്പന തടികൾക്കിടയിലൂടെ ഭീമൻ തടാകം പോലെ നിറഞ്ഞുനിൽക്കുന്ന വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

സെപ്റ്റംബർ അവസാനത്തിൽ പെയ്ത അതിതീവ്ര മഴയിലാണ് മരഭൂമിയിലും പ്രളയജലം നിറഞ്ഞുകവിഞ്ഞത്. മൊറോക്കോ തലസ്ഥാനമായ റബാത്തിൽനിന്ന് 450 കി.മീറ്റർ തെക്കു മാറിയുള്ള ടാഗൗണൈറ്റ് ഗ്രാമത്തിലാണ് ഏതാനും ദിവസങ്ങൾ കൊണ്ട് അതിശക്തമായ മഴ പെയ്തത്. രണ്ടു ദിവസത്തിനുള്ളിൽ മാത്രം ശരാശരി ഒരു വർഷത്തെ മഴയാണ് ഇവിടെ ലഭിച്ചതെന്ന് മൊറോക്കോ കാലാവസ്ഥാ വകുപ്പ് പറയുന്നു.


ടാഗൗണൈറ്റിനെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ 110 മി.മീറ്റർ മഴയാണു വർഷിച്ചത്. കഴിഞ്ഞ 30-50 വർഷത്തിനിടെ രാജ്യത്ത് ചെറിയൊരു കാലയളവിൽ ഇത്രയും ശക്തമായ തോതിൽ മഴ പെയ്യുന്നത് ഇതാദ്യമാണെന്ന് കാലാവസ്ഥാ വകുപ്പിലെ ഹുസൈൻ യുആബിബ് അസോഷ്യേറ്റഡ് പ്രസിനോട് പറഞ്ഞു. പതിറ്റാണ്ടുകളായി വരണ്ടുണങ്ങിക്കിടന്ന മരുഭൂമിയിൽ വെള്ളം കവിഞ്ഞൊഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹാറ മരുഭൂമിയിൽ സഗോറയ്ക്കും ടാറ്റയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇറിക്യൂയ് തടാകവും നിറഞ്ഞൊഴുകിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി വറ്റിവരണ്ടു കിടക്കുകയായിരുന്നു ഈ തടാകം.

ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ തുടർന്നാണ് മൊറോക്കോയിൽ അതിശക്തമായ മഴ പെയ്തതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇത് വരും മാസങ്ങളിലും വർഷങ്ങളിലും മേഖലയിലെ കാലാവസ്ഥയിൽ തന്നെ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഹുസൈൻ പറഞ്ഞു. അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം കെട്ടിക്കിടക്കുന്നതിനാൽ ബാഷ്പീകരണം വഴി ഇനിയും ശക്തമായ കൊടുങ്കാറ്റുകൾക്കും അതുവഴി കൂടുതൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


സെപ്റ്റംബറിൽ മൊറോക്കോയിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലുമായി 18 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഭൂകമ്പമുണ്ടായ പ്രദേശങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ മൊറോക്കോയിലെ അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിയുകയാണ്.

ലോകത്തെ ഏറ്റവും വലിയ ഉഷ്ണമരുഭൂമിയാണ് സഹാറ. അന്റാർട്ടിക്ക, ആർട്ടിക് കഴിഞ്ഞാൽ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ മരുഭൂമിയും. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ വടക്ക്, മധ്യ, പടിഞ്ഞാറൻ മേഖലകളിലായി നിരവധി രാജ്യങ്ങളിലൂടെ പരന്നുകിടക്കുകയാണ് ഈ മരുഭൂമി. ഏകദേശം 90 ലക്ഷം ചതുരശ്ര കി.മീറ്റർ ദൂരത്തായി വ്യാപിച്ചുകിടക്കുകയാണിത്.


അൾജീരിയ, ഛാഡ്, ഈജിപ്ത്, ലിബിയ, മാലി, മൗറിത്താനിയ, നൈജർ, സുദാൻ, തുനീസ്യ, പടിഞ്ഞാറൻ സഹാറ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലായാണു സഹാറാ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആഗോളതാപനത്തെ തുടർന്നുള്ള കടുത്ത ഉഷ്ണത്തെ തുടർന്നുള്ള വരൾച്ച ഈ രാജ്യങ്ങളിലെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ആഗോളതലത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജലചക്രത്തിന്റെ സൂചനയാണ് സഹാറ മരുഭൂമിയിലെ മഴയും വെള്ളപ്പൊക്കവുമെന്നാണ് ലോക കാലാവസ്ഥാ സംഘടനാ സെക്രട്ടറി ജനറൽ സെലെസ്‌റ്റെ സൗളോ പറയുന്നത്. ഒന്നുകിൽ കനത്ത മഴ, അല്ലെങ്കിൽ കടുത്ത വരൾച്ച എന്ന രീതിയിലേക്കു കാലാവസ്ഥ മാറുകയാണ്. തീർത്തും അപ്രവചനീയമായ ഈ അവസ്ഥ വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കാൻ പോകുകയെന്നും അവർ പറയുന്നു.

Summary: Dramatic images show the first floods in the Sahara in half a century

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News