'ഇത് രജപക്‌സെമാരുടെ അന്ത്യം കുറിക്കും'; ഇതിഹാസ താരം ജയസൂര്യയുടെ മുന്നറിയിപ്പ്, പിന്നാലെ രാജിവച്ചൊഴിഞ്ഞ് മഹിന്ദ
സനത് ജയസൂര്യ, മഹേല ജയവർധനെ, കുമാർ സംഗക്കാര തുടങ്ങിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെല്ലാം ഇന്ന് കടുത്ത ഭാഷയിലാണ് സർക്കാരിനെ വിമർശിച്ചത്
കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ശക്തമാ തുടരുന്നതിനിടെ സർക്കാർ അനുകൂലികൾ ജനകീയ പ്രക്ഷോഭങ്ങളുടെ കേന്ദ്രവേദിക്കുനേരെ നടത്തിയ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധം കടുത്തതോടെയായിരുന്നു മഹിന്ദ രജപക്‌സെയ്ക്ക് രാജി പ്രഖ്യാപിക്കേണ്ടിവന്നത്. സമരവേദി പൊളിക്കുകയും സമരക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു മഹിന്ദ അനുയായികൾ. സംഭവത്തെ തുടർന്ന് കൊളംബോ അടങ്ങുന്ന ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ അടക്കമുള്ള മുൻ താരങ്ങൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ടെംപിൾ ട്രീസിൽ മഹിന്ദപക്ഷത്തിന്റെ അഴിഞ്ഞാട്ടം
ഇന്നു രാവിലെയാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു പുറത്ത് നൂറുകണക്കിന് സർക്കാർ അനുകൂലികൾ ചേർന്ന് തമ്പടിച്ചത്. മഹിന്ദയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഇവർ പ്രകടനം നടത്തി.
തുടർന്ന് ടെംപിൾ ട്രീസിനും പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ വസതിക്കും തൊട്ടടുത്തുള്ള പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ കേന്ദ്രവേദിയിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യത്തെ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രമായ വേദി അക്രമികൾ അടിച്ചുതകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് സമരക്കാർക്കുനേരെ തിരിഞ്ഞു ഇവർ. സമരക്കാരെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റു. തുടർന്ന് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് അക്രമികളെയും സമരക്കാരെയും പിന്തിരിപ്പിച്ചത്.
'നിരപരാധികൾക്കെതിരായ ഗുണ്ടാവിളയാട്ടം'; കടുത്ത ഭാഷയിൽ മുൻ ഇതിഹാസ താരങ്ങൾ
ഇതോടെയാണ് കടുത്ത അമർഷം രേഖപ്പെടുത്തി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയത്. സനത് ജയസൂര്യ, മഹേല ജയവർധനെ, കുമാർ സംഗക്കാര എന്നിവരെല്ലാം കടുത്ത ഭാഷയിലാണ് സർക്കാരിനെ വിമർശിച്ചത്. സംഭവം രജപക്‌സെ സഹോദരങ്ങളുടെ അന്ത്യംകുറിക്കുമെന്നാണ് ജയസൂര്യ ട്വീറ്റ് ചെയ്തത്. അധികം വൈകാതെ തന്നെ മഹിന്ദ രജപക്‌സെ രാജിവച്ച് താഴെയിറങ്ങാനും നിർബന്ധിതനായി.
''ടെംപിൾ ട്രീസിൽ പട്ടാപ്പകലിൽ നിരപരാധികളായ പ്രതിഷേധക്കാർക്കെതിരെ ഇത്തരത്തിലൊരു ഗുണ്ടാവിളയാട്ടം ഞാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയല്ല, ഈ രാജ്യത്തെ പൊതുജനങ്ങളെ സംരക്ഷിക്കാനാണ് തങ്ങളെന്ന് പൊലീസ് ഓർക്കണം. ഇത് രജപക്സെമാരുടെ അന്ത്യമാണ്.''-ജയസൂര്യ ട്വീറ്റിൽ വ്യക്തമാക്കി.
ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒത്തുകൂടി, നിരപരാധികളും സമാധാനപ്രിയരുമായ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ കൂട്ടമായി ആക്രമിക്കുകയായിരുന്നു ഈ തെമ്മാടികളെന്ന് മുൻ ശ്രീലങ്കൻ നായകൻ മലേഹ ജയവർധനെ കുറ്റപ്പെടുത്തി. എങ്ങനെ ഇതൊക്കെ നടക്കുന്നു!? പൊലീസടക്കം ഇതെല്ലാം നോക്കിനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താങ്കളെ പിന്തുണയ്ക്കുന്നവർ തന്നെയാണ് ആക്രമണങ്ങളെല്ലാം അഴിച്ചുവിട്ടതെന്ന് മഹിന്ദയുടെ ട്വീറ്റ് പങ്കിട്ട് കുമാർ സംഗക്കാര കുറിച്ചു. ആദ്യം താങ്കളുടെ വസതിയിലെത്തിയ ശേഷമാണ് ആ ഗുണ്ടകൾ സമാധാനപരമായി പ്രക്ഷോഭം നടത്തിയവർക്കുനേരെ അക്രമം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary: ''This is the end of the Rajapaksas'', Cricket legend Sanath Jayasurya warns and Mahinda Rajapaksa resigns as Sri Lankan PM