ഒരു ലക്ഷം സൈനികർ, ബാലിസ്റ്റിക് മിസൈലും ടാങ്കറുകളും; യുക്രൈനിൽ യുദ്ധസന്നാഹം കൂട്ടി റഷ്യ-സാറ്റലൈറ്റ് ചിത്രങ്ങള്‍

യു.എസ് ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്‌സർ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളിൽ വൻതോതിലുള്ള ടാങ്കറുകളും സൈനിക ടെന്റുകളും വൻസൈനിക സാന്നിധ്യവും കാണാം

Update: 2022-02-03 13:38 GMT
Editor : Shaheer | By : Web Desk
Advertising

യുക്രൈൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെയും പടക്കോപ്പുകളും വിന്യസിച്ച് റഷ്യ. യു.എസ് കിഴക്കൻ യൂറോപ്പിലും യുക്രൈനിലുമായി കൂടുതൽ സൈന്യത്തെ അയച്ചതിനു പിന്നാലെയാണ് റഷ്യ യുദ്ധസന്നാഹങ്ങൾ ഊർജിതമാക്കിയത്. യുക്രൈൻ അതിർത്തിയിലെ റഷ്യൻ നീക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

സൈന്യത്തിന്റെ എണ്ണം കൂട്ടിയതിനു പുറമെ വൻതോതിലുള്ള കവചിത വാഹനങ്ങളും പടക്കോപ്പുകളും ആയുധസാമഗ്രികളുമെല്ലാം ഇവിടെ വിന്യസിച്ചിട്ടുണ്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രീമിയയിലും അയൽരാജ്യമായ ബെലാറസിലുമെല്ലാം സൈനിക മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

അമേരിക്ക ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്‌സർ ആണ് അതിർത്തിയിലെ ഏറ്റവും പുതിയ റഷ്യൻനീക്കങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങളിൽ വൻതോതിലുള്ള ടാങ്കറുകളും സൈനിക ടെന്റുകളുമെല്ലാം കാണാം. വൻസൈനിക സാന്നിധ്യവും ചിത്രത്തിൽ ദൃശ്യമാണ്. സ്വന്തമായി വികസിപ്പിച്ച 'ഇസ്‌കന്ദർ' ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ബെലാറസിലെ റഷ്യൻ സൈനിക പരീശീലന താവളത്തിലും എത്തിച്ചിട്ടുണ്ട്.

ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രൈൻ അതിർത്തിയിലും ക്രീമിയയിലുമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തത്. ക്രീമിയയിൽ പുതുതായി വിന്യസിക്കപ്പെട്ട സൈനികർക്കായി താൽക്കാലിക പാർപ്പിടങ്ങളും ടെന്റുകളും സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിനു സൈനിക വാഹനങ്ങളും സാറ്റലൈറ്റ് ദൃശ്യങ്ങളിൽ കാണാം.


അയഞ്ഞ് യു.എസും നാറ്റോയും; അനുനയനീക്കം

അമേരിക്കയും മറ്റ് നാറ്റോ രാജ്യങ്ങളും പടനീക്കം ആരംഭിച്ചതോടെയാണ് റഷ്യ സൈനിക സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കിയത്. യുക്രൈൻ അതിർത്തിയിലെ 8,500 സൈനികർക്കുപുറമെ കഴിഞ്ഞ ദിവസം കിഴക്കൻ യൂറോപ്പിലെക്കും അമേരിക്ക 3,500 സൈനികരെ അയച്ചിരുന്നു. ഇതോടെയാണ് റഷ്യയും ജാഗ്രത ശക്തമാക്കിയത്.

എന്നാൽ, യുക്രൈനുള്ള സൈനിക സഹായവും മറ്റ് നീക്കങ്ങളും നിയന്ത്രിക്കാമെന്ന് അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും റഷ്യയോട് സമ്മതിച്ചിട്ടുണ്ട്. അനുഞ്ജനനീക്കങ്ങൾക്കും ഇവർ തയാറായിട്ടുണ്ട്. യുക്രൈനെ നാറ്റോ അംഗമാക്കില്ലെന്ന് ഉറപ്പുനൽകണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ വിന്യസിച്ച സൈന്യത്തെ പിൻവലിക്കാനും ആവശ്യമുണ്ട്.

അതിര്‍ത്തിയിലെ പടയൊരുക്കം

അതിർത്തിയിലെ വൻതോതിലുള്ള റഷ്യൻ സേനാവിന്യാസവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡ്മിർ സെലൻസ്‌കി പടിഞ്ഞാറൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മേഖലയിൽ സംഘർഷമൊഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ധാരണയായിരുന്നു.


എന്നാൽ, ഇതിനിടയിലും കിഴക്കൻ യൂറോപ്പിൽ സൈന്യത്തെ വിന്യസിച്ച് മേഖലയിൽ പടയൊരുക്കത്തിനുള്ള നീക്കത്തിലാണ് അമേരിക്ക. ഇവിടെ നേരത്തെ നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. ഇതിലേക്കാണ് കൂടുതൽ യുഎസ് സൈനികരെത്തുന്നത്.

അതിർത്തിയിൽ റഷ്യയുടെ വൻ സേനാവിന്യാസത്തിനു പിന്നാലെ ദിവസങ്ങൾക്കുമുൻപ് യുഎസ് പടക്കപ്പൽ യുക്രൈൻ തീരത്തെത്തിയിരുന്നു. മിസൈൽവേധ മിസൈലുകളടക്കമുള്ള ആയുധങ്ങളുമായാണ് യുഎസ് തീരത്ത് നങ്കൂരമിട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി 8,500 സൈനികരെയും യുക്രൈന് സഹായവുമായി അമേരിക്ക അയച്ചിട്ടുണ്ട്.

ദിവസങ്ങൾക്കുമുൻപാണ് യുക്രൈൻ അതിർത്തിയിൽ റഷ്യ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചത്. യുക്രൈനെതിരായ സൈനിക നടപടിക്കുള്ള നീക്കമാണിതെന്നാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആരോപിക്കുന്നത്. സൈനികനീക്കത്തിനൊന്നും ഇപ്പോൾ ആലോചനയില്ലെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ നാറ്റോയും യുഎസും അംഗീകരിച്ചില്ലെങ്കിൽ ആ രീതിയിലേക്ക് നീങ്ങേണ്ടിവരുമെന്നും റഷ്യയുടെ മുന്നറിയിപ്പുണ്ട്.

Summary: Satellite images show Russia has been moving thousands of its troops, armour, and artillery to the borders of Ukraine, amid fears that it may be readying for an invasion

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News