ഗസ്സയ്ക്ക് ഐക്യദാർഢ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ച് വിദ്യാർത്ഥികൾ

ഗസ്സയിലെ കുട്ടികളുടെ ദുരിതം വിവരിക്കുന്ന 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനായിരുന്നു വിദ്യാർത്ഥി പ്രതിഷേധം

Update: 2024-01-04 15:35 GMT
Editor : Shaheer | By : Web Desk
Advertising

തെൽഅവീവ്: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയെ പിന്തുണച്ച സ്‌കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ച് വിദ്യാർത്ഥികൾ. തെൽഅവീവിലെ അയോണി യൂദ് ദാലിദ് ഹൈസ്‌കൂളിലാണു സംഭവം. സ്‌കൂളിൽ പ്രധാനാധ്യാപികയായിരുന്ന യാഇൽ അയാലോണാണ് ആക്രമണത്തിനിരയായത്.

ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുട്ടികളുടെ ദുരിതത്തെക്കുറിച്ചുള്ള മാധ്യമവാർത്ത നേരത്തെ യാഇൽ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതേക്കുറിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തുന്ന 'ഹാരെറ്റ്‌സ്' റിപ്പോർട്ടാണ് അവർ പോസ്റ്റ് ചെയ്തത്. എന്നാൽ, ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ വൻ പ്രതിഷേധമാണ് ഇവർക്കെതിരെ ഉയർന്നത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സ്ഥാപനത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു.

സസ്‌പെൻഷൻ കാലയളവ് കഴിഞ്ഞു സ്‌കൂളിൽ തിരിച്ചെത്തിയപ്പോഴാണു വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധവുമായി എത്തിയത്. ഇസ്രായേൽ പതാക വീശിൽ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ മുറിക്കു പുറത്തെത്തി. 'വീട്ടിൽ പോകൂ' എന്ന മുദ്രാവാക്യം മുഴക്കി യാഇൽ അയാലോണിനുനേരെ വെള്ളമൊഴിക്കുകയും വസ്തുക്കൾ എടുത്ത് എറിയുകയും ചെയ്തതായി ഇസ്രായേൽ മാധ്യമപ്രവർത്തകൻ ഡാനിയേൽ അമ്രാം റിപ്പോർട്ട് ചെയ്തു.

നേരത്തെ, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തെൽഅവീവ് നഗരസഭാ അധികൃതർ യാഇലിനെ വിളിപ്പിച്ചിരുന്നു. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ നഗരസഭ തന്നെ താൽക്കാലികമായി ഇവരെ സ്ഥാനത്തുനിന്നു മാറ്റുകയായിരുന്നു. പിന്നീട് സസ്‌പെൻഷൻ നീക്കിയതിനു പിന്നാലെയാണ് അവർ വീണ്ടും സ്‌കൂളിലെത്തിയത്.

ആക്രമണത്തിൽ പരാതിയുമായി ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രി യോവ് കിസ്ച്ചിന് അധ്യാപകരുടെ കൂട്ടായ്മ കത്തെഴുതിയിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പലിനു പിന്തുണ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഒരു സ്‌കൂളിനെ നയിക്കുന്ന വനിതാ അധ്യാപികയ്ക്ക് ഇത്തരത്തിൽ പരസ്യമായ അവഹേളനം നേരിടേണ്ടിവന്നത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി.

Summary: Tel Aviv school principal attacked by students for supporting Gaza children

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News