കൂട്ടരാജി, വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച് ഇംറാൻ ഖാനും എം.പിമാരും; പാകിസ്താനെ ഇനി ഷഹബാസ് ശരീഫ് നയിക്കും

വോട്ടെടുപ്പിനു തൊട്ടുമുൻപ് ഇംറാൻ ഖാനും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) എം.പിമാരും രാജി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിക്കായുള്ള വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു

Update: 2022-04-11 15:15 GMT
Editor : Shaheer | By : Web Desk
Advertising

പാകിസ്താന് ഇനി പുതിയ നായകൻ. പുതിയ പാക് പ്രധാനമന്ത്രിയായി പാകിസ്താൻ മുസ്്‌ലിം ലീഗ്-എൻ അധ്യക്ഷനും നിലവിലെ പ്രതിപക്ഷ നേതാവുമായ ഷഹബാസ് ശരീഫ് തെരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിലൂടെ ഇംറാൻ ഖാൻ പുറത്തായതിനു പിന്നാലെ ഇന്ന് ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലാണ് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരൻ കൂടിയായ ഷഹബാസ് ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, വോട്ടെടുപ്പിനു തൊട്ടുമുൻപ് ഇംറാൻ ഖാനും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) എം.പിമാരും രാജി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിക്കായുള്ള വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു 70കാരനായ ഷഹബാസ് ശരീഫ്. പി.ടി.ഐ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഷാഹ് മഹ്മൂദ് ഖുറൈഷിയെ ഇറക്കിയിരുന്നു. എന്നാൽ, പി.ടി.ഐ പ്രതിനിധികൾ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച് ദേശീയ അസംബ്ലിയിൽനിന്ന് വാക്കൗട്ട് നടത്തിയതോടെ ഷഹബാസ് ഒറ്റക്കെട്ടായി പാകിസ്താന്റെ 23-ാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 174 പേരാണ് അദ്ദേഹത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. പുതിയ സർക്കാരിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ വിദേശകാര്യ മന്ത്രി ആയേക്കും.

ചരിത്രം തിരുത്താനാകാതെ ഇംറാനും

പാകിസ്താനിൽ ഒരു പ്രധാനമന്ത്രിക്കും കാലാവധി പൂർത്തിയാക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താൻ ഇംറാൻ ഖാനുമായില്ല. ശനിയാഴ്ച അർധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവിലാണ് ഇംറാൻ ഖാന്റെ പ്രധാനമന്ത്രി ഇന്നിങ്‌സിന് അന്ത്യംകുറിച്ചത്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയെന്ന പ്രത്യേകതയും ഇംറാന് സ്വന്തമായി.

അവിശ്വാസ വോട്ടെടുപ്പ് നേരിടാൻ ഇംറാൻ അവസാന നിമിഷംവരെയും കൂട്ടാക്കിയില്ല. തുടർന്ന് സുപ്രീംകോടതിയും പട്ടാള മേധാവിയും ഇടപെട്ടതോടെ ഇംറാൻ താഴെയിറങ്ങാൻ നിർബന്ധിതരാകുകയായിരുന്നു. അവിശ്വാസ വോട്ടെടുപ്പിൽനിന്ന് പി.ടി.ഐ എം.പിമാർ വിട്ടുനിന്നിരുന്നു.

രാവിലെ പത്തര മുതൽ 14 മണിക്കൂർ നീണ്ട രാഷ്ട്രീയ നാടകത്തിനാണ് ശനിയാഴ്ച പാക് ദേശീയ അസംബ്ലി വേദിയായത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷ എതിർപ്പുകളെ അവഗണിച്ച് ഇംറാൻറെ കക്ഷിയായ പാകിസ്താൻ തെഹ്രികെ ഇൻസാഫിൻറെ മന്ത്രിമാർ നീണ്ട പ്രസംഗങ്ങളുമായി നടപടികൾ നീട്ടിക്കൊണ്ടുപോയി. പലപ്പോഴായി നാലു തവണ സഭ നിർത്തിവച്ചു. രാത്രി പത്തരക്ക് ദേശീയ അസംബ്ലി വീണ്ടും ചേരുകയായിരുന്നു.

വോട്ടെടുപ്പിനു സഭാ സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അർധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാൻ നിർദേശം നൽകി. സൈന്യത്തിന്റെയും സുപ്രിംകോടതിയുടെയും നിർണായക ഇടപെടലുണ്ടായതിനെ തുടർന്നാണ് ഒടുവിൽ വോട്ടെടുപ്പ് നടന്നത്. പക്ഷേ അതിനു മുമ്പ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. ഒടുവിൽ അർധരാത്രിയിൽ വോട്ടെടുപ്പ്. അതോടെ ഇംറാൻറെ പതനം പൂർത്തിയായി.

Summary: Shehbaz Sharif elected as new PM of Pakistan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News