അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാം: ചൈനയുടെ സിനോഫോമിന് ലോകാരോഗ്യസംഘടനയുടെ അനുമതി

താരതമ്യേന വിലകുറഞ്ഞ വാക്സിന്‍ കൂടിയാണിത്

Update: 2021-05-08 03:53 GMT
By : Web Desk
Advertising

ചൈനയുടെ കോവിഡ് വാക്സിനായ സിനോഫോമിന് ലോകാരോഗ്യസംഘടനയുടെ അനുമതി. അടിയന്തര സാഹചര്യത്തില്‍ ഉപാധികളോടെ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്സിനാണ് സിനോഫോം. വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്. കോവിഡ് രോഗബാധയ്ക്കെതിരായ പ്രതിരോധത്തില്‍ രണ്ട് ഡോസായി നല്‍കുന്ന വാക്സിനാണ് സിനോഫോം.

ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ ബീജിംഗ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സ് കോ ലിമിറ്റഡാണ് സിനോഫോം വാക്സിന്‍ ഉത്പ്പാദിപ്പിക്കുന്നത്. താരതമ്യേന വിലകുറഞ്ഞ വാക്സിന്‍ കൂടിയാണിത് എന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി, വാക്സിന്‍ രംഗത്തെ പ്രതിസന്ധി വലിയൊരു അളവ് വരെ കുറയ്ക്കും.

79.34 ശതമാനമാണ് സിനോഫോം വാക്സിനിന്‍റെ ഫലപ്രാപ്തി. ചൈനയ്ക്കകത്തും പുറത്തുമായി ഇതുവരെ 6.5കോടി വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പല രാജ്യങ്ങളും നേരത്തെ സിനോഫോം വാക്സിന്‍ ഉപയോഗിക്കാന്‍ മടിച്ചിരുന്നു. നിലവില്‍ യുഎഇ, പാകിസ്താന്‍, ഹംഗറി ഉള്‍പ്പെടെയുള്ള 45 ഓളം രാജ്യങ്ങള്‍ മുതിര്‍ന്നവരില്‍ ഈ വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്. സിനോഫാം 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസ് സ്വീകരിക്കാം. വാക്സിന്‍ സ്വീകരിച്ച ശേഷമുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ചും എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ചും ചൈന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സിനോഫോമിനെ കൂടാതെ സിനോവാക്ക് അടക്കം അഞ്ച് വാക്സിനുകള്‍ക്കാണ് രാജ്യത്ത് ചൈന അനുമതി നല്‍കിയിട്ടുള്ളത്. സിനോവാക്കിനും ഉടന്‍ തന്നെ ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫൈസര്‍, ആസ്ട്രസെനെക്ക (കോവിഷീല്‍ഡ്), ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വാക്സിനുകള്‍ അടക്കം ഇതുവരെ ഇതുവരെ ആറ് വാക്സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുള്ളത്.

Tags:    

By - Web Desk

contributor

Similar News