ഒരോവറിൽ ആറു സിക്‌സ്; അടുത്ത യുവരാജായി ജസ്‌കരൻ മൽഹോത്ര
ചണ്ഡിഗഢിൽ ജനിച്ച താരം യു.എസ്സിന് വേണ്ടി ആദ്യ അന്താരാഷ്ട്ര സെഞ്ചറിയും നേടി
മസ്‌കത്ത്: ഒരോവറിൽ ആറു സിക്‌സറടിച്ച് യുവരാജിനൊരു പിൻഗാമി. ഇന്ത്യൻ വംശജനായ ജസ്‌കരൻ മൽഹോത്രയാണ് ഒരോവറിൽ ആറു സിക്‌സറും യു.എസ് ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചറിയും നേടിയത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹെര്‍ഷല്‍ ഗിബ്‌സിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ജശ്കരന്‍.
ഇന്ന് പാപ്പുവ ന്യൂഗിനിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. പാപ്പുവ ന്യൂഗിനിയയുടെ മീഡിയം ഫാസ്റ്റ് ബൗളര്‍ ഗൗഡി ടോകയാണ് നിര്‍ഭാഗ്യവാനായ ആ താരം. ഗൗഡി എറിഞ്ഞ അവസാന ഓവറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജസ്‌കരൻ ആറു സിക്‌സറുകള്‍ ഒന്നിനുപിറകെ ഒന്നൊന്നായി ഗാലറിയിലേക്ക് പറത്തുകയായിരുന്നു. 124 പന്തില്‍ 16 സിക്‌സറുകളും നാല് ബൗണ്ടറികളും സഹിതം 173 റണ്‍സാണ് താരം മത്സരത്തില്‍ അടിച്ചുകൂട്ടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറു സിക്‌സെന്ന നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബാറ്റ്‌സ്മാനുമായിരിക്കുകയാണ് ജശ്കരന്‍. യുവരാജ് സിങ്ങാണ് ഈ റെക്കോര്‍ഡ് നേടുന്ന ആദ്യതാരം. 2007ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലായിരുന്നു അത്. 2011ല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലായിരുന്നു ഗിബ്‌സ് ഏകദിനത്തില്‍ ഈ റെക്കോര്‍ഡ് നേടുന്ന ആദ്യ താരമായത്.
അഞ്ചാം സ്ഥാനത്തിറങ്ങി ഏറ്റവും ഉയർന്ന സ്‌കോർ നേടിയ താരമെന്ന എ.ബി. ഡിവില്ലിയേഴ്‌സിന്റെ റെക്കോർഡ് തകർക്കാനും ജസ്‌കരനായി. 2015 ലോകകപ്പിൽ വെസ്റ്റിൻറീസിനെതിരെ 66 പന്തിൽ 162 റൺസാണ് അഞ്ചാം സ്ഥാനത്തിറങ്ങി ഡിവില്ലിയേഴ്‌സ് നേടിയിരുന്നത്. ഈ വര്‍ഷം ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡും ഈ നേട്ടം സ്വന്തമാക്കി.