ലാന്‍ഡ് ചെയ്യുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു
വാറ്റ്സൺവിൽ മുനിസിപ്പൽ വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്
വടക്കൻ കാലിഫോർണിയയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. വാറ്റ്സൺവിൽ മുനിസിപ്പൽ വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സെസ്ന 152, സെസ്ന 340 എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.
രണ്ട് ചെറു വിമാനങ്ങളിലായി മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സെസ്ന 340യില്‍ രണ്ട് പേരും സെസ്ന 152ല്‍ പൈലറ്റ് മാത്രവുമാണ് ഉണ്ടായിരുന്നത്. ഒരാളുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വിമാനത്താവളത്തിന് സമീപത്തുള്ള വയലിലേക്കാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ വീണത്. സമീപത്തെ ഒരു കെട്ടിടം തകര്‍ന്നു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ ഏജൻസിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം പ്രഖ്യാപിച്ചു. റൺവേക്ക് സമീപത്ത് ഉണ്ടായിരുന്നവർക്ക് അപകടമുണ്ടായിട്ടില്ലെന്ന് എഫ്.എ.എ അറിയിച്ചു.
വാറ്റ്സൺവില്‍ വിമാനത്താവളത്തില്‍ നാല് റൺവെകളുണ്ട്. 300 വിമാനങ്ങളാണ് ഇവിടെ ലാന്‍ഡ് ചെയ്യാറുള്ളത്. പലപ്പോഴും വിനോദത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വിമാനങ്ങളാണ് ഇവിടെ ഇറങ്ങാറുള്ളത്.