വൈറൽ ചലഞ്ചിൽ അമിതമായി മദ്യപിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ മരിച്ചു.
ഒരു മാസത്തിനിടെ ചൈനയിൽ രണ്ടാം തവണയാണ് സമാന രീതിയിൽ മരണം സംഭവിക്കുന്നത്.
ബെയ്ജിംഗ്: ചൈനയിൽ വൈറൽ ചലഞ്ചിനിടെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് 27 കാരനായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ മരിച്ചു. സോങ് യുവാൻ ഹോങ് ഗേ ( ബ്രദർ ഹോങ് ) ആണ് 'വൈറൽ ഡ്രിങ്കിങ് ചലഞ്ചി' നിടെ ജൂൺ 2 ന് മരിച്ചത്. ഒരു മാസത്തിനിടെ ചൈനയിൽ രണ്ടാം തവണയാണ് സമാന രീതിയിൽ മരണം സംഭവിക്കുന്നത്.
കഴിഞ്ഞ മേയ് 16 നാണ് 'ഡ്രിങ്കിങ് ചലഞ്ചി 'നെ തുടർന്ന് 34 കാരനായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ വാങ് മൗഫെങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈവ് സ്ട്രീം കഴിഞ്ഞ് 12 മണിക്കൂറിന് ശേഷമാണ് വാങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നു.
കടം വീട്ടാൻ വേണ്ടി ലൈവ് സ്ട്രീമിലൂടെ അമിതമായി പണം സമ്പാദിക്കാൻ ഹോങ് ശ്രമിച്ചിരുന്നെന്നും ഹോങ്ങിന്റെ അക്കൗണ്ട് നിലവിൽ ബാൻ ചെയ്തിരിക്കുകയാണെന്നും ഹോങിന്റെ ഭാര്യ പറഞ്ഞു. ഹോങും വാങും സുഹൃത്തുക്കളാണെന്നും വാങിന്റെ ശവ സംസ്‌കാര ചടങ്ങിൽ, മദ്യപാനം കുറക്കുമെന്ന് ഹോങ് തീരുമാനമെടുത്തിരുന്നെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ മരണങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയിൽ ഇത്തരം ആപ്പുകളുടെ നിയന്ത്രണം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.