ഒമിക്രോണ്‍; പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി സ്പെയിന്‍
വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുന്നു
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുന്നു. സ്പെയിനില്‍ ഒമിക്രോണിനൊപ്പം കോവിഡ് കേസുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതുഇടങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സ്പെയിന്‍.
ആറു മാസം മുന്‍പാണ് മാസ്ക് നിര്‍ബന്ധമാക്കിയ നിയമം ഒഴിവാക്കിയത്. എന്നാല്‍ ചൊവ്വാഴ്ച മാത്രം 49,823 കോവിഡ് കേസുകളാണ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനസംഖ്യയുടെ 80 ശതമാനവും പ്രതിരോധ കുത്തിവെപ്പെടുത്തതിനാല്‍ സ്പെയിനില്‍ കോവിഡ് അണുബാധയുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ ഒമിക്രോണിന്‍റെ അപ്രതീക്ഷിത വരവ് കേസുകളുടെ എണ്ണം കൂട്ടി. ബുധനാഴ്ച 60,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പോർച്ചുഗല്‍, നെതർലാൻഡ് പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്തതുപോലെ ഒമിക്രോണ്‍ തടയുന്നതിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താത്തതിന് ചില വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ വിമർശിച്ചു. എന്നാല്‍ അദ്ദേഹം ഈ ആരോപണങ്ങളെ നിഷേധിച്ചു. വാക്സിനുകൾ ലഭ്യമല്ലാത്ത മഹാമാരിയുടെ ആദ്യ ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പാനിഷ് ജനസംഖ്യയുടെ ഉയർന്ന വാക്സിനേഷൻ നിരക്ക് ഉദ്ധരിച്ച്. ''ഇത് 2020 മാർച്ചോ 2020 ക്രിസ്തുമസോ അല്ല'. എന്നാണ് സാഞ്ചസ് പറഞ്ഞത്.