ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കയും
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളമായി ശ്രീലങ്കയെ ആശ്രയിച്ചിരുന്ന പ്രവാസികൾക്ക് തിരിച്ചടിയാകും
ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കയും. ഇന്ത്യയിൽ കോവിഡ് കേസുകൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടൻ, യുഎഇ, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ ചുവടുപിടിച്ച് ശ്രീലങ്കയും ഇന്ത്യന്‍ യാത്രികര്‍ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ യാത്രാനിരോധനം തുടരുന്നതിനിടെ പ്രവാസികൾക്കുകൂടി തിരിച്ചടിയാകുന്നതാണ് ശ്രീലങ്കയുടെ തീരുമാനം.
ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇന്ത്യയിൽനിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയ വിവരം പുറത്തുവിട്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ശ്രീലങ്കൻ എയർലൈൻസ് സിഇഒക്ക് നൽകിയ കത്തിൽ സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ അറിയിച്ചു. അതേസമയം, ഇന്ത്യയിൽ കഴിയുന്ന ശ്രീലങ്കൻ കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചെത്താൻ തടസമുണ്ടാകില്ല.
ഇന്ത്യയിൽനിന്ന് യാത്രാവിലക്ക് നിലനിൽക്കുന്ന യുഎഇ, സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ പ്രവാസികൾ ആശ്രയിച്ചിരുന്ന ഇടത്താവളമായിരുന്നു ശ്രീലങ്ക. പുതിയ നടപടി പ്രവാസികൾക്ക് തിരിച്ചടിയാകും. ഇതോടൊപ്പം, ഇന്ത്യയിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്താൻ വഴിമുട്ടിയ ഓസ്‌ട്രേലിയക്കാർ ആശ്രയിച്ചിരുന്നതും ശ്രീലങ്കയെയായിരുന്നു. ഏറ്റവുമൊടുവിൽ, ഐപിഎല്ലിനെത്തിയ ഓസീസ് താരങ്ങളെ നാട്ടിലെത്തിക്കാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിരുന്ന വഴിയും ശ്രീലങ്കയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ ചർച്ച നടത്തിക്കഴിഞ്ഞിരുന്നു.