വീട് വളഞ്ഞ് ജനം; ഹെലികോപ്ടറിൽ നാവികതാവളത്തിലേക്ക് കടന്ന് മഹിന്ദയും കുടുംബവും- ശ്രീലങ്കയിൽ ആളിക്കത്തി ജനകീയ പ്രക്ഷോഭം
ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ സൈന്യത്തിന് പ്രത്യേകാധികാരങ്ങൾ നൽകി
കൊളംബോ: പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രജപക്‌സെ രാജിവച്ചൊഴിഞ്ഞിട്ടും ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായി പടരുന്നു. സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ ഭരണകക്ഷി എം.പി കൊല്ലപ്പെടുകയും രജപക്‌സെയുടെ വസതി അഗ്നിക്കിരയാകുകയും ചെയ്തതിനു പിന്നാലെയും സമരക്കാർ അടങ്ങിയിട്ടില്ല. രജപക്‌സെയ്ക്കു പുറമെ മറ്റു മന്ത്രിമാരുടെ വസതികൾക്കും സമരക്കാർ തീയിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമരം അടിച്ചമർത്താൻ സൈന്യത്തിന് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ പ്രത്യേകാധികാരങ്ങൾ നൽകി. അതിനിടെ, മഹിന്ദയും കുടുംബവും സൈനികതാവളത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഹെലികോപ്ടറിൽ സൈനികതാവളത്തിലെത്തിച്ചു; താവളം വളഞ്ഞ് പ്രക്ഷോഭകാരികൾ
പ്രക്ഷോഭകാരികളെ പേടിച്ച് തലസ്ഥാനമായ കൊളംബോയിൽനിന്ന് ഹെലികോപ്ടർ മാർഗമാണ് മഹിന്ദ രജപക്‌സെയും കുടുംബവും ശ്രീലങ്കയിലെ വടക്കുകിഴക്കൻ പ്രദേശമായ ട്രിൻകോമളീയിയിലെത്തിയത്. ട്രിൻകോമളീയിലെ നാവികതാവളത്തിലാണ് ഇപ്പോൾ മുൻ പ്രധാനമന്ത്രിയും കുടുംബവും കഴിയുന്നത്. കൊളംബോയിൽനിന്ന് 270 കി.മീറ്റർ അലെയാണ് താവളം സ്ഥിതി ചെയ്യുന്നത്.
ഇന്നു പുലർച്ചെയാണ് സൈന്യം ഹെലികോപ്ടർ വഴി കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയായ ടെംപിൾ ട്രീസിൽനിന്ന് മഹിന്ദയെയും കുടുംബത്തെയും ഹെലികോപ്ടർ മാർഗം മാറ്റിയത്. ഈ സമയത്ത് ആയിരക്കണക്കിനു പ്രക്ഷോഭകാരികളാണ് ഔദ്യോഗിക വസതിക്കു പുറത്ത് തമ്പടിച്ചിരുന്നത്. സമരക്കാർ വസതിക്കുനേരെ പത്തോളം പെട്രോൾ ബോംബുകൾ എറിഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. കണ്ണീർവാതകം പ്രയോഗിച്ചും ആകാശത്തേക്ക് വെടിവച്ചുമാണ് ജനക്കൂട്ടത്തെ സൈന്യം ഇവടെനിന്ന് മാറ്റിയത്.
അതിനിടെ, മഹിന്ദയും കുടുംബവും നാവികതാവളത്തിലെത്തിയ വിവരം അറിഞ്ഞ് ജനക്കൂട്ടം അവിടെയും തടിച്ചുകൂടിയിരിക്കുകയാണ്. താവളം വളഞ്ഞിരിക്കുകയാണ് ജനക്കൂട്ടം. മഹിന്ദ രാജ്യം വിടുന്നത് തടയാൻ വിമാനത്താവളത്തിനു പുറത്തും ജനം നിലയുറപ്പിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, മഹിന്ദയും കുടുംബവും രാജ്യംവിടില്ലെന്ന് ഇദ്ദേഹത്തിൻരെ മകൻ വ്യക്തമാക്കിയിട്ടുണ്ട്.
പിടിവിട്ട് പ്രക്ഷോഭം; വഴങ്ങാതെ പ്രതിപക്ഷം
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ ആരംഭിച്ച പ്രതിപക്ഷ പ്രക്ഷോഭത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ അക്രമാസക്തരൂപം പ്രാപിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ മഹിന്ദ രജപക്‌സെ അനുകൂലികൾ പ്രക്ഷോഭവേദി തകർക്കുകയും സമരക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രക്ഷോഭം അക്രമാസക്തമായത്. പ്രക്ഷോഭകർക്കെതിരായ അക്രമങ്ങൾ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ മഹിന്ദ രാജിവച്ചെങ്കിലും പ്രക്ഷോഭം പിടിവിട്ട് ആഭ്യന്തര കലാപമായി മാറിയിരിക്കുകയാണ്. ഇന്നലത്തെ അക്രമസംഭവങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
1948ൽ ശ്രീലങ്ക സ്വതന്ത്രമായതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. നിത്യോപയോഗ സാധനങ്ങൾക്കടക്കമുണ്ടായ കുത്തനെയുള്ള വിലക്കയറ്റത്തൽ പൊറുതിമുട്ടി ഒടുവിൽ ജനം തെരുവിലിറങ്ങുകയായിരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ, പ്രസിഡന്റും സഹോദരനുമായി ഗൊട്ടബയ രജപക്‌സെ എന്നിവരുടെ രാജി ആവശ്യപ്പെട്ട് വൻ പ്രക്ഷോഭമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രീലങ്കയിൽ നടക്കുന്നത്. ഗൊട്ടബയ നിർദേശിച്ചിട്ടും തുടക്കം മുതൽ മഹിന്ദ രാജിക്ക് ഒരുക്കമായിരുന്നില്ല. പ്രധാനമനന്ത്രിയും പ്രസിഡന്റും ചേർന്നു നിർദേശിച്ച സർവകക്ഷി സർക്കാർ ഫോർമുല പ്രതിപക്ഷം തള്ളിക്കളയുകയും ചെയ്തു. ഇതിനിടെ പാർട്ടിയിൽനിന്നും എതിർപ്പ് ശക്തമായതോടെ മഹിന്ദ രാജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു.
ഇതിനു പിന്നാലെ രജപക്സെയുടെ വീടിന് പ്രക്ഷോഭകാരികൾ തീയിട്ടു. മെഡാമുലാനയിലെ കുടുംബവീടിനാണ് പ്രക്ഷോഭകാരികൾ തീയിട്ടത്. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്.എൽ.പി.പി) എം.പിമാരുടെ വീടുകൾക്കുനേരെയും പ്രക്ഷോഭകാരികൾ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ചില എം.പിമാരുടെ വീടുകൾ പ്രക്ഷോഭകാരികൾ തീയിടുകയുമുണ്ടായി. നിരവധി എസ്.എൽ.പി ഓഫീസുകൾക്കു നേരെയും പ്രക്ഷോഭകർ തീവച്ചു. ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പാർലമെന്റിലെ ഭരണകക്ഷി അംഗമായ അമരകീർത്തി അതുകൊരാള കൊല്ലപ്പെട്ടു.
അതിനിടെ, മഹിന്ദയുടെ രാജിക്കു പിന്നാലെ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ഗൊട്ടബയയുടെ ഓഫർ പ്രതിപക്ഷ കക്ഷിയായ എസ്.ജെ.ബി തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രസിഡന്റിനു കീഴിലുള്ള സർക്കാരായിരുന്നു ഗൊട്ടബയയുടെ നിർദേശം. എന്നാൽ, പ്രസിഡന്റും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
Summary: Sri Lanka's former Prime Minister Mahinda Rajapaksa and his family have taken shelter at a naval base in Trincomalee in the north-east part of the island nation