എങ്ങും പ്രതിഷേധം, സംഘര്‍ഷഭരിതം ശ്രീലങ്ക; പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ അടച്ചു
തമിഴ് വംശജർക്ക് സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു
ശ്രീലങ്കയില്‍ ഗുരുതര പ്രതിസന്ധി തുടരുന്നു. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ അടച്ചു. ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. തമിഴ് വംശജർക്ക് സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
തലസ്ഥാനമായ കൊളംബോയിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് പിരിച്ചുവിടാൻ നോക്കിയതോടെയാണ് സംഘർഷം ഉടലെടുത്തത്. ജനക്കൂട്ടം പൊലീസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് വ്യാഴാഴ്ച മുതൽ 13 മണിക്കൂറാണ് പവർകട്ട്. രാജ്യത്തെ തെരുവുവിളക്കുകളും അണക്കാനാണ് തീരുമാനം. അവശ്യവസ്തുക്കളുടെ വിലയും ദിനംപ്രതി കുതിച്ചുയരുകയാണ്. 1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.