ഇന്ത്യയും ശ്രീലങ്കയും 'ആത്മമിത്രങ്ങൾ', ശക്തമായ പിന്തുണ നൽകും: ഇന്ത്യൻ ഹൈക്കമ്മീഷ്ണർ
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്
കൊളംബോ: ശ്രീലങ്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രം പഴയസ്ഥിതിയിലേക്ക് തിരിച്ചു വരികയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷ്ണർ ഗോപാൽ ബാഗ്ലേ. ഒരുനയതന്ത്രജ്ഞനെന്ന നിലയിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയിലും അയൽ രാജ്യങ്ങളുടെ ഇത്തരം പ്രതിസന്ധികളിൽ കൂടെ നിൽക്കാൻ കഴിഞ്ഞു എന്നതിൽ താൻ ഭാഗ്യവാനാണെന്നും ഇന്ത്യയും ശ്രീലങ്കയും എന്നും ആത്മമിത്രങ്ങളാണെന്നും ബാഗ്ലേ പറഞ്ഞു.
ശ്രീലങ്കയെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള സമയമാണിത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പുറമെ രാഷ്ട്രീയ പ്രതിസന്ധികളും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ ഹൈക്കമ്മീഷ്ണർ എന്ന നിലയിൽ താനും തന്റെ സഹപ്രവർത്തകരും രാജ്യത്തിന്റെ പുരോഗതിക്കായി കൂടെ നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഇന്ത്യയിൽ നിന്നുള്ള സാമ്പത്തിക സഹായവും ജനാധിപത്യ സാമ്പത്തിക സ്ഥിരത എന്നിവ വീണ്ടെടുക്കുന്നതിനായി ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെനിൽ വിക്രമസിംഗെയെയാണ് ശ്രീലങ്കയുടെ ഇടക്കാല പ്രസിഡൻറായി തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രീലങ്കയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെൻററി വോട്ടിങ്ങിലൂടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 225 അംഗ സഭയിൽ വിജയിക്കാൻ വേണ്ടത് 113 പേരുടെ പിന്തുണയാണ്. വോട്ടെടുപ്പിൽ 134 എം.പിമാരുടെ പിന്തുണയാണ് റെനിൽ നേടിയത്.
റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു. എന്നാൽ ആറു വട്ടം പ്രധാനമന്ത്രിയായ റെനിൽ വിക്രമസിം?ഗെക്ക് തന്നെയായിരുന്നു തുടക്കം മുതലെ മുൻതൂക്കം.1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവാണ് റെനിൽ. രണ്ട് തവണ പ്രതിപക്ഷ നേതാവുമായിരുന്നു.