റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്‍റ്
രാവിലെ 10 മണിയോടെയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്
കൊളംബോ: ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്‍റായി റെനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമ,ജനത വിമുക്തി പെരാമുന നേതാവ് അനുര കുമാര ദിസനായകെ എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. രാവിലെ 10 മണിയോടെയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
ശ്രീലങ്കയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്‍ററി വോട്ടിങ്ങിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 225 അംഗ സഭയിൽ വിജയിക്കാൻ വേണ്ടത് 113 പേരുടെ പിന്തുണയാണ്. വോട്ടെടുപ്പിൽ 134 എം.പിമാരുടെ പിന്തുണയാണ് റെനില്‍ നേടിയത്.
റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡന്‍റിന്‍റെ കോലം പ്രസിഡന്‍റ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു. എന്നാൽ ആറു വട്ടം പ്രധാനമന്ത്രിയായ റെനിൽ വിക്രമസിംഗെക്ക് തന്നെയായിരുന്നു തുടക്കം മുതലെ മുന്‍തൂക്കം.1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ് റെനില്‍. രണ്ട് തവണ പ്രതിപക്ഷ നേതാവുമായിരുന്നു.