പൊതുമേഖയിലെ ജീവനക്കാർക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തിന് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ
ശ്രീലങ്കൻ സർക്കാർ സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലും തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പിൻവലിച്ചിട്ടില്ല
ശ്രീലങ്കയിൽ പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശത്തിന് വിലക്കേർപ്പെടുത്തി സർക്കാർ. ആരോഗ്യ വകുപ്പിലെയും വിദ്യുഛക്തി വകുപ്പിലെയും ജീവനക്കാരുടെ പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികൾക്ക് ശ്രീലങ്കൻ സർക്കാർ വിലക്കേർപ്പെടുത്തിയത്.
പൊതുമേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തിന് വിലക്കേർപ്പെടുത്തുന്ന 1979 ലെ പ്രത്യേകം നിയമം പ്രാബല്യത്തിൽ വന്നതായി ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ ഓഫീസ് അറിയിച്ചു. ഇതുപ്രകാരം പണിമുടക്കിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ജീവനക്കാരെ അഞ്ച് വർഷം വരെ കഠിന തടവിന് ശിക്ഷിക്കാനും സാധിക്കും.
ശ്രീലങ്കൻ സർക്കാർ സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലും തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പിൻവലിച്ചിട്ടില്ല. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിയമം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു തന്നെയാണ് പ്രധാന വിലയിരുത്തൽ. ജീവനക്കാരുടെ പ്രമോഷൻ സാധ്യതകളെ വർധിപ്പിക്കുക, സർക്കാർ ജീവനക്കാരുടെ വേതനം ഉയർത്തുക എന്നിവയാണ് തൊഴിലാളി യൂണിയനുകളുടെ പ്രധാന ആവശ്യം.
എന്നാൽ രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ജീവനക്കാരുടെ വേതനം വർധിപ്പിക്കാനാവില്ലായെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സമരം സർക്കാരിനെയാകെ വെട്ടിലാക്കിയിരിക്കുകയാണ്. ആശുപത്രികളിൽ അത്യാഹിത സേവനങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.