ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഇന്ന് രാജിവെക്കും: സ്പീക്കർ
പുതിയ പ്രസിഡന്റിനെ ഈ മാസം 20 ന് തെരഞ്ഞെടുക്കും
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഇന്ന് രാജിവെക്കുമെന്ന് സ്പീക്കർ മഹിന്ദ അഭയാവർദ്ധന.മാധ്യമങ്ങളെ കണ്ടാണ് നിർണായക പ്രഖ്യാപനം സ്പീക്കർ നടത്തിയത്. പുതിയ പ്രസിഡന്റിനെ ഈ മാസം 20 ന് തെരഞ്ഞെടുക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും പ്രതിഷേധക്കാർ കൈയ്യടക്കി. കൊളംബോയിലെ ഓഫീസിന്റെ പ്രതിരോധം തകർത്ത് പ്രതിഷേധക്കാർ കെട്ടിടത്തിന് മുകളിൽ പതാക ഉയർത്തി. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ പ്രക്ഷോഭം രൂക്ഷമായി. പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രീലങ്കൻ പോലീസ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തു. സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ വളഞ്ഞതോടെ ശ്രീലങ്കയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി സംപ്രേഷണം താൽക്കാലികമായി നിർത്തി.
ശ്രീലങ്കയുടെ ദേശീയ ടിവി ചാനലായ രൂപവാഹിനി കോർപ്പറേഷൻ (എസ്എൽആർസി) സംപ്രേഷണം നിർത്തിയത്. പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യം വിട്ടു മാലിദ്വീപില്‍ അഭയം തേടിയതായാണ് റിപ്പോര്‍ട്ടുള്ളത്. ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം വ്യോമസേനയുടെ പ്രത്യേതക വിമാനത്തിലാണ് അദ്ദേഹം മാലിദ്വീപിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.