ഒടുവിൽ വഴങ്ങി; ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രവേദി ഇന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ അനുയായികൾ തകർക്കുകയും സമരക്കാരെ ക്രൂരമായി അക്രമിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു

Update: 2022-05-09 13:36 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: ഒടുവില്‍ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ മഹിന്ദയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പ്രാദേശിക മാധ്യമങ്ങളാണ് രാജിവിവരം പുറത്തുവിട്ടത്.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് സഹോദരനും പ്രസിഡന്റുമായ ഗൊട്ടബയ രജപക്‌സെയ്ക്ക് മഹിന്ദ രാജിക്കത്ത് നൽകിയത്. പുതിയ ഐക്യസർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കുന്നുവെന്നു പറഞ്ഞായിരുന്നു രാജി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനായി എല്ലാ കക്ഷികളെയും ചേർത്ത് സർക്കാർ രൂപീകരിക്കാനാണ് താൻ രാജിവയ്ക്കുന്നതെന്ന് മഹിന്ദ രാജിക്കത്തിൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയ്ക്കുമേൽ സമ്മർദം ശക്തമായിരുന്നു. എന്നാൽ, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലായിരുന്നു മഹിന്ദ. സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരമുന(എസ്.എൽ.പി.പി)യിലും മഹിന്ദ മാറിനിൽക്കണമെന്ന് ആവശ്യം ശക്തമായതോടെയാണ് മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ താഴെയിറങ്ങാൻ അദ്ദേഹം തയാറായത്.

അതിനിടെ, ഇന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വേദി പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ അനുയായികൾ തകർത്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. അക്രമികൾ സമരക്കാരെ ക്രൂരമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് കൊളംബോ അടങ്ങുന്ന ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു രംഗത്തെത്തിയിരിക്കുകയാണ്.

ഇന്നു രാവിലെയാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു പുറത്ത് നൂറുകണക്കിന് സർക്കാർ അനുകൂലികൾ ചേർന്ന് റാലി നടത്തിയത്. മഹിന്ദയ്ക്ക് ഐക്യദാർഢ്യമറിയിച്ചായിരുന്നു പ്രകടനം. പിന്നാലെ, ടെംപിൾ ട്രീസിനും പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ വസതിക്കും തൊട്ടടുത്തുള്ള പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ വേദിയിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യത്തെ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രമായ വേദി അക്രമികൾ അടിച്ചുതകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് സമരക്കാർക്കുനേരെ തിരിയുകയായിരുന്നു ഇവർ. സംഭവത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റു. തുടർന്ന് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് അക്രമികളെയും സമരക്കാരെയും പിരിച്ചുവിട്ടത്.

Summary: Sri Lankan Prime Minister Mahinda Rajapaksa resigns

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News