ഒരു കിലോ അരിക്ക് 500 രൂപ; ഭക്ഷണത്തിനും ഇന്ധനത്തിനുമായി നെട്ടോട്ടമോടി ശ്രീലങ്കക്കാര്‍

ആഭ്യന്തര കലാപം മുന്നിൽ കണ്ട് തലസ്ഥാന നഗരമായ കൊളംബോയിലടക്കം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്

Update: 2022-03-25 02:04 GMT
Advertising

കടക്കെണി രൂക്ഷമായ ശ്രീലങ്കയിൽ വൈദ്യുതി പ്രതിസന്ധിയും അതിരൂക്ഷമായി തുടരുന്നു. ഇന്ധനക്ഷാമത്തെ തുടർന്ന് പവർക്കട്ട് സമയം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വൈദ്യുതി നിരക്കും വർധിപ്പിക്കും.

ഭക്ഷണത്തിനും ഇന്ധനത്തിനുമായി ജനങ്ങൾ തെരുവിൽ നെട്ടോട്ടമാടുകയാണ്. ആഭ്യന്തര കലാപം മുന്നിൽ കണ്ട് തലസ്ഥാന നഗരമായ കൊളംബോയിലടക്കം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ധന ക്ഷാമത്തെ തുടർന്ന് മണ്ണെണ്ണക്കും പെട്രോളിനും പാചക വാതകത്തിനുമായി മണിക്കൂറുകളോളമാണ് ജനം വരിയിൽ നിൽക്കേണ്ടി വരുന്നത്. കടുത്ത ഇന്ധന പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി നിലയങ്ങൾ പൂട്ടിയതോടെ കഴിഞ്ഞ ദിവസം 5 മണിക്കൂർ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. ഇത് ആറര മണിക്കൂറായി വർധിപ്പിച്ചേക്കും. വൈദ്യുതി നിരക്കും കുത്തനെ കൂട്ടുമെന്ന് റിപ്പോർട്ടുകളുണ്ട്.

അവശ്യസാധനങ്ങള്‍ക്കെല്ലാം ഇപ്പോഴും തീവിലയാണ് അനുഭവപ്പെടുന്നത്. ഒരു കിലോ അരിയുടെ വില 500 ശ്രീലങ്കന്‍ രൂപയിലെത്തി. 400 ഗ്രാം പാല്‍പ്പൊടിക്ക് 790 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാൽപ്പൊടിയുടെ വിലയില്‍ 250 രൂപയുടെ വര്‍ധനയാണുണ്ടായത്. ഒരു കിലോ പഞ്ചസാരയുടെ വില 290 രൂപയിലെത്തി.

പലയിടങ്ങളിലും സാധനങ്ങളുടെ ലഭ്യതയും ഇല്ലാതായിരിക്കുകയാണ്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും കൊളംബോയില്‍ ശക്തമാണ്. പ്രതിസന്ധി മറികടക്കാൻ ശ്രീലങ്ക ലോകബാങ്കിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് പാക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അഭയാർഥികളായെത്തുന്ന ശ്രീലങ്കൻ തമിഴരെ സ്വീകരിക്കുമെന്ന് തമിഴ്നാട് പ്രഖ്യാപിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News