'തെറ്റുകളുടെ ഭാഗമാകാനാകില്ല'; ബൈഡന്റെ ഇസ്രായേൽ പിന്തുണയിൽ പ്രതിഷേധിച്ച് യു.എസിൽ മുതിർന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു
മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനങ്ങൾ തുറന്നുപറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നാണ് ജോഷ് പോൾ വ്യക്തമാക്കുന്നത്.
ന്യൂയോർക്ക്: ഇസ്രായേലിനുള്ള ജോ ബൈഡന്‍റെ ഏകപക്ഷീയ പിന്തുണയിൽ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ രാഷ്ട്രീയ സൈനിക കാര്യ ഡയറക്ടർ പദവി വഹിച്ചിരുന്ന ജോഷ് പോളാണ് രാജിവെച്ചത്. ഇസ്രായേൽ- ഫലസ്തീൻ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ജോ ബൈഡന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ചാണ് രാജി.
‘കഴിഞ്ഞ പതിറ്റാണ്ടുകളിൽ നമ്മൾ ചെയ്ത അതേ തെറ്റുകൾ വീണ്ടും ആവർത്തിക്കുന്നതായി ഞാൻ ഭയപ്പെടുന്നു, ഇനിയും അതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ജോഷ് പോൾ ലിങ്ക്ഡ് ഇൻ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സഖ്യ രാജ്യങ്ങൾക്കുള്ള ആയുധ കൈമാറ്റ വകുപ്പിലാണ് ജോഷ് കഴിഞ്ഞ 11 വർഷമായി ജോലി ചെയ്യുന്നത്. കൂടുതൽ ആയുധങ്ങൾ ഒരു വശത്തേക്ക് മാത്രം നൽകുന്ന നടപടിയെയും ജോഷ് വിമർശിച്ചു. ഇത്തരം നടപടികളെ പിന്തുണക്കാനാകില്ലെന്നും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനങ്ങൾ തുറന്നുപറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ജോഷ് കൂട്ടിച്ചേർത്തു.
യുദ്ധത്തിനിടെ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്‍റാണ് ജോ ബൈഡൻ. അൽ അഹ്‍ലി ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിനെ പരസ്യമായി ന്യായീകരിച്ചും ബൈഡൻ രംഗത്തെത്തിയിരുന്നു. ഈ നിലപാടിനെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തമാണ്.