'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ'; കാൻ റെഡ് കാർപ്പെറ്റിൽ വിവസ്ത്രയായെത്തി യുവതിയുടെ പ്രതിഷേധം

യുക്രൈൻ പതാക ശരീരത്തിൽ പെയിന്റ് ചെയ്തെത്തിയാണ് അജ്ഞാതയായ സ്ത്രീ പ്രതിഷേധിച്ചത്

Update: 2022-05-21 07:46 GMT
Editor : Lissy P | By : Web Desk
Advertising

കാൻസ്: യുക്രൈനിലെ അതിക്രമങ്ങൾക്കെതിരെ കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പെറ്റിൽ വിവസ്ത്രയായെത്തി പ്രതിഷേധം. യുക്രൈൻ പതാക ശരീരത്തിൽ പെയിന്റ് ചെയ്ത് 'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക' എന്നെഴുതിയാണ് അജ്ഞാതയായ സ്ത്രീ പ്രതിഷേധിച്ചത്.യുവതിയുടെ അപ്രതീക്ഷിത നീക്കത്തിൽ നാടകീയമായ സംഭവങ്ങളാണ് കാനിൽ അരങ്ങേറിയത്.

ചുവന്ന നിറമുള്ള അടിവസ്ത്രം ധരിച്ചെത്തിയ യുവതി റെഡ് കാർപ്പറ്റിലെത്തി ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്യുകയായിരുന്നു. ഇതോടെ ഗാർഡുകളെത്തി ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിയിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. 

ഇദ്രിസ് എൽബയെ നായകനാക്കി ജോർജ് മില്ലർ സംവിധാനം ചെയ്ത ത്രീ തൗസൻഡ് ഇയേഴ്‌സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാർപ്പെറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് ഈ സംഭവം.ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ആ സമയത്ത് റെഡ് കാർപറ്റിലെത്തിയിരുന്നു.

റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽ ചെറിയ കുട്ടികളെ പോലും ലൈംഗികമായി ആക്രമിച്ചതുൾപ്പെടെ നൂറുകണക്കിന് ബലാത്സംഗ കേസുകളാണ് യുക്രൈനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.യുക്രൈൻ പ്രസിഡന്റും മുൻ നടനുമായ സെലെൻസ്‌കി തന്റെ രാജ്യത്തെ സഹായിക്കണമെന്ന് അഭ്യർഥിക്കുന്ന വീഡിയോ കാൻ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം യുക്രെയ്‌നിൽ കൊല്ലപ്പെട്ട ലിത്വാനിയൻ സംവിധായകൻ മാന്താസ് ക്വേദരാവിഷ്യസിന്റെ ഡോക്യുമെന്ററി 'മാരിയൂപോളിസ് 2 വ്യാഴാഴ്ച കാനിൽ പ്രത്യേക പ്രദർശനം നടത്തിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News