രക്ഷയുടെ കരങ്ങള്‍ നീണ്ടപ്പോൾ അവൻ ആദ്യം പകച്ചു, പിന്നെ മനസ് നിറഞ്ഞു ചിരിച്ചു; സിറിയയിൽ നിന്ന് ഹൃദയസ്പർശിയായ കാഴ്ച
അർമനാസ് ഗ്രാമത്തിലെ വീടിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് 'കരം' എന്ന് പേരുള്ള ആൺകുട്ടിയെ രക്ഷിച്ചത്
അങ്കാറ: തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ 20,000-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ രാവും പകലുമില്ലാതെ പോരാടുകയാണ്. തണുത്തുറഞ്ഞ മഞ്ഞും ഇടക്കിടെ പെയ്യുന്ന മഴയെയും വെല്ലുവിളിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മനുഷ്യന്റെ ആത്മധൈര്യത്തിന്റെയും മരണത്തിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയസ്പർശിയായ നിരവധി കഥകൾ ഇതിനോടകം തന്നെ ആ ദുരന്തഭൂമിയിൽ നിന്ന് വന്നു തുടങ്ങി. അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ ദിവസം സിറിയയിൽ നിന്ന് പുറത്ത് വന്നത്. തകർന്നുതരിപ്പണമായ വീടിനുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തപ്പോൾ ഒരു കൊച്ചുകുട്ടി സന്തോഷം കൊണ്ടു നിറഞ്ഞു ചിരിക്കുന്നതായിരുന്നു ആ വീഡിയോ...
സിറിയയിലും തുർക്കിയിലും പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സിറിയ സിവിൽ ഡിഫൻസ് എന്നറിയപ്പെടുന്ന ദി വൈറ്റ് ഹെൽമെറ്റ്‌സ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
'അത്ഭുതങ്ങൾ ആവർത്തിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്. ഭൂകമ്പത്തിന്റെ ആദ്യദിവസം സിറിയയിലെ ഇദ്ലിബിന്റെ ഗ്രാമപ്രദേശത്തുള്ള അർമനാസ് ഗ്രാമത്തിൽ നിന്നാണ് വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് 'കരം' എന്ന് പേരുള്ള ആൺകുട്ടിയെ രക്ഷിച്ചത്..
1 മിനിറ്റും 2 സെക്കൻഡും ദൈർഘ്യമുള്ളതായിരുന്നു ആ വീഡിയോ ക്ലിപ്പ് കാണിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുമ്പോൾ അവൻ സന്തോഷം കൊണ്ട് നിറഞ്ഞു ചിരിച്ചു. അതിനിടയിൽ, രക്ഷാപ്രവർത്തകർ അവനെ കവിളിൽ ഉമ്മവെച്ചു. അവനും സന്തോഷം കൊണ്ട് ചുറ്റും കൂടിയവരുടെ കവിളിൽ പിടിച്ച് വലിച്ചു.ഹൃദയസ്പർശിയായ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
'കാണുമ്പോൾ തന്നെ എത്ര സന്തോഷം നൽകുന്ന വീഡിയോ' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.' ഭൂകമ്പത്തിന് പോലും അവനെതോൽപ്പിക്കാനായില്ല..അവശിഷ്ടങ്ങൾക്കിടയിൽ അവൻ മരണത്തെ അടിച്ചോടിച്ചു'...മറ്റൊരാൾ കമന്റ് ചെയ്തു. 'എന്തൊരു ഊർജ്ജസ്വലനും പ്രസന്നനുമായ കുട്ടിയാണ് അവൻ.രക്ഷാപ്രവർത്തകർ എത്ര സ്‌നേഹത്തോടെയാണ് അവനെ ലാളിക്കുന്നത്'...മറ്റൊരാൾ കമന്റ് ചെയ്തു.
അതേസമയം, ഭൂകമ്പം തുർക്കിയിലും സിറിയയിലും 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ മറ്റ് രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു.