തായ്‌വാനിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 46 മരണം-നിരവധിപേർക്ക് പരിക്ക്
കെട്ടിടത്തിന്റെ ഏഴ് മുതൽ 11 വരെ നിലകളിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി സിറ്റി ഫയർ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
തെക്കൻ തായ്‌വാനിലെ 13 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 46 പേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തീ നിയന്ത്രണവിധേയമായതായി തായ്‌വാൻ വാർത്താ ഏജൻസിയായ സി.എൻ.എ റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 337 രക്ഷാപ്രവർത്തകരെ ഇവിടെ വിന്യസിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നേരത്തെ ഏഴുപേർ മരിച്ചതായാണ് ഔദ്യോഗികമായി പുറത്തുവന്ന വിവരം. എന്നാൽ കെട്ടിടത്തിന്റെ ഏഴ് മുതൽ 11 വരെ നിലകളിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി സിറ്റി ഫയർ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
139 ഫയർ എഞ്ചിനുകളും ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. 62 പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. നൂറോളം പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇവരിൽ കൂടുതൽ പേരും ശാരീരികമായി വെല്ലുവിളി നേരിടുന്നവരാണെന്നും സി.എൻ.എ റിപ്പോർട്ട് ചെയ്തു. തീപിടിത്തതിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.