തായ്‌വാനിലെ ഭൂചലനത്തിൽ ആടിയുലഞ്ഞ് ട്രെയ്ൻ
ഭൂചലനത്തിൽ ദോങ്ഗ്‌ലി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം പൂർണമായും തകർന്നിരുന്നു.
തായ്‌പേയ് സിറ്റി: തായ്‌വാനില്‍ ഭൂചലനത്തില്‍ ആടിയുലഞ്ഞ് ട്രെയ്ൻ. ഞായറാഴ്ചയുണ്ടായ ഭൂമികുലുക്കത്തിനിടെയാണ് സംഭവം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയ്നാണ് കളിപ്പാട്ടം പോലെ ആടിയുലഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഭൂചലനത്തിൽ ദോങ്ഗ്‌ലി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം പൂർണമായും തകർന്നിരുന്നു. മൂന്ന് ട്രെയിനുകളുടെ ബോഗികൾ വേർപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഉച്ചയ്ക്കു ശേഷം 2.44 ഓടെ തായ്‌വാന്റെ തെക്കുകിഴക്കന്‍ തീരത്തെ തായ്തുങ്ങിന് വടക്കായാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
യുലി ഗ്രാമത്തില്‍ ചുരുങ്ങിയത് ഒരു കെട്ടിടമെങ്കിലും തകര്‍ന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (സി.എന്‍.സി.) റിപ്പോര്‍ട്ട് ചെയ്തു. മേഖലയിൽ ശനിയാഴ്ചയും ഭൂചലനമുണ്ടായിരുന്നു. 6.6 ആയിരുന്നു ഇതിന്റെ തീവ്രത.
ഭൂചലനത്തിൽ തകർന്നുവീണ ബഹുനില കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പലയിടത്തായി കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ തിരികെ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.