കാബൂള്‍ വളഞ്ഞ് താലിബാന്‍ സേന; അഫ്ഗാനിസ്ഥാനില്‍ അധികാര കൈമാറ്റത്തിന് വഴിയൊരുങ്ങുന്നു
അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കാബൂൾ വിടാൻ ആഗ്രഹിക്കുന്നവരെ തടയരുതെന്നും സേനാംഗങ്ങൾക്ക് താലിബാൻ നിർദേശം നൽകിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ അധികാര കൈമാറ്റത്തിനായി സമാധാനപരമായി ചർച്ചകൾ നടക്കുന്നതായി സര്‍ക്കാര്‍. ബലപ്രയോഗത്തിലൂടെ അഫ്ഗാൻ കീഴടക്കാനില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും താലിബാൻ സേന വ്യക്തമാക്കി.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ, താലിബാൻ സേന വളഞ്ഞതിന് പിന്നാലെയാണ് സർക്കാറുമായുളള ഔദ്യോഗിക ചർച്ചകൾ തുടങ്ങിയത്. അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കാബൂൾ വിടാൻ ആഗ്രഹിക്കുന്നവരെ തടയരുതെന്നും സേനാംഗങ്ങൾക്ക് താലിബാൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, താലിബാൻ തലസ്ഥാനം വളഞ്ഞതിന് പിന്നാലെ അഷ്റഫ് ഖനി രാജ്യം വിട്ടെന്ന വാർത്ത ഔദ്യോഗിക വൃത്തങ്ങൾ തള്ളി. അഫ്ഗാൻ ജനത ആശങ്കപ്പെടേണ്ടതില്ലെന്നും അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും ആഭ്യന്തര മന്ത്രി അബ്ദുൽ സത്താർ മിർസാക്‌വാൽ അറിയിച്ചു.
സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം വിലയിരുത്താൻ യു.എൻ രക്ഷാ സമിതി ഉടൻ യോഗം ചേർന്നേക്കും. യോഗം ഉടന്‍ ചേരണമെന്ന് റഷ്യ മറ്റ് അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ പ്രതിസന്ധി രമ്യമായി ചർച്ചയിലൂടെ പരിഹരിക്കണമെന്നും അഫ്ഗാൻ ജനതയ്ക്ക് സമാധാനമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും പോപ്പ് ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടു. അഫ്ഗാൻ സംഘർഷം ചർച്ച ചെയ്യാൻ ബ്രിട്ടൺ അടുത്തയാഴ്ച പാർലമെന്‍റ് സമ്മേളനം വിളിച്ച് ചേർക്കുമെന്നാണ് സൂചന.